സിൽവർ ലൈൻ പദ്ധതി; നഷ്‌ടമാകുന്ന ഭൂവുടമകൾ‍ക്ക് നഷ്‌ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ


തിരുവനന്തപുരം

സിൽവർ ലൈൻ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്‍റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട്‌ നഷ്‌ടമാകുന്ന ഭൂവുടമകൾ‍ക്ക് നഷ്‌ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നൽകും. അല്ലെങ്കിൽ‍ നഷ്‌ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നൽ‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്‌ട‌പരിഹാരമായി ഭൂവുടമകൾ‍ക്ക് നൽ‍കുക.  തിരുവനന്തപുരത്ത്‌ ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ മുഖ്യമന്ത്രിയാണ്‌ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്‌. കേരളത്തിൽ ഗതാഗത സൗകര്യം കൂടണം. ഭൂമി നഷ്‌ടപ്പെട്ടവരെ സഹായിക്കുകയാണ്‌ സർക്കാർ ചെയ്യുക. ആളുകളെ ഉപദ്രവിക്കലല്ല ഉണ്ടാവുക. കേരളത്തെ മുന്നോട്ട് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാലിത്തൊഴുത്തുകൾ‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കിൽ‍ അതിന് 25,000 രൂപ മുതൽ‍ 50,000 രൂപവരെ നഷ്‌ട‌പരിഹാരം നൽ‍കും. വാണിജ്യസ്ഥാപനം നഷ്‌ടപ്പെടുന്ന ഭൂവുടമകൾ‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്‌ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നൽ‍കും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്‌ടമാകുന്നവർ‍ക്ക് രണ്ടു ലക്ഷം രൂപയും പാക്കേജിന്‍റെ ഭാഗമായി നൽ‍കും. വാസസ്ഥലം നഷ്‌ടമാകുന്ന വാടക താമസക്കാർ‍ക്ക് 30,000 രൂപയും നൽ‍കും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുന്പാശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർഗോഡ്‌ എന്നിങ്ങനെയാണ് സ്റ്റേഷനുകൾ വരിക.

You might also like

Most Viewed