സംവിധായകന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്ന് ആരോപിച്ച് ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി ദിലീപ്

കൊച്ചി
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന ആരോപണവുമായി നടൻ ദിലീപ്. കേസ് അട്ടിമറിക്കാനാണു സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിനു പിന്നിലെന്നും ദിലീപ് ആരോപിച്ചു. സംവിധായകന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്ന് ആരോപിച്ച് ദിലീപ് ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി.
ബൈജു പൗലോസിന്‍റെ ഫോൺ കോൾ, വാട്ട്സ്ആപ്പ് ഡീറ്റെയ്ൽസ് പരിശോധിക്കണം. തുടരന്വേഷണത്തിൽ എതിർപ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏൽപിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു.
അതേസമയം, കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.