തിരുവനന്തപുരത്ത് ആക്രിക്കടയിൽ വൻ തീപ്പിടുത്തം

തിരുവനന്തപുരം
തലസ്ഥാനത്ത് ആക്രിക്കടയിൽ വൻ തീപ്പിടുത്തം. കിളളിപ്പാലം പിആർഎസ് ആശുപത്രിക്ക് സമീപമുള്ള ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. കടയിൽ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. തീ അണയ്‌ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആളിക്കത്തുകയാണ്. ആക്രിക്കടയിലുള്ള സാധനങ്ങൾ പൊട്ടിത്തെറിക്കുന്നുമുണ്ട്. കടയ്‌ക്ക് സമീപമുള്ള വീടുകൾ പുകകൊണ്ട് മറഞ്ഞിരിക്കുകയാണ്. തീ അണയ്‌ക്കാൻ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകളെ വിളിച്ചിട്ടുണ്ട്. സമീപമുള്ള തെങ്ങുകളും തീപിടുത്തത്തിൽ കത്തിയമർന്നു. പ്രാന്തപ്രദേശത്തെ വീടികളിലേക്കും തീ പടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നും അകലെയല്ലാതെ നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇതിന് അടുത്ത് തന്നെ ആശുപത്രിയും മറ്റ് കടകളുമുണ്ട്. കടയുടമകളോട് അവിടെ നിന്നും മാറുവാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം തീപിടിത്തതിന് കാരണം ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള തീപൊരിയെന്ന് ഗോഡൗണ്‍ ഉടമ സുൽഫീക്കർ പറഞ്ഞു.