ഡോക്ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി ഷാഹിദ കമാൽ

കൊല്ലം: ഡോക്ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി വനിതാകമ്മീഷൻ അംഗം ഷാഹിദ കമാൽ. യുഡിഎഫിൽ നിന്നും സിപിഎമ്മിലെത്തിയ മുസ്‌ലിംകളെ വേട്ടയാടുക എന്നതായിരുന്നു വിവാദത്തിന് പിന്നിലെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ലോകായുക്തക്ക് മുന്നിൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ച ശേഷമായിരുന്നു ഷാഹിദാ കമാലിന്‍റെ പ്രതികരണം.
മുസ്‌ലിം സമുദായത്തിലെ വിശ്വാസികൾ ഇടതുപക്ഷത്തു പോയാൽ യുഡിഎഫിന് ദോഷം ചെയ്യുമെന്നതിനാൽ ടാർഗറ്റ് ചെയ്യുകയായിരുന്നു. കെ.ടി ജലീൽ ഉൾപ്പെടെയുളളവരെ വേട്ടയാടിയെന്നും അവർ ആരോപിച്ചു. വിദ്യാഭ്യാസ യോഗ്യത ലോകായുക്തയ്ക്ക് ബോധ്യപ്പെട്ടു. വനിതാകമ്മീഷൻ അംഗം ആകുന്നതിൽ വിദ്യാഭ്യാസ യോഗ്യത ബാധകമല്ല. ബി കോം പൂർത്തിയാക്കിയത് അണ്ണാമലെ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ഡോക്ടറേറ്റ് ലഭിച്ചത് കസാക്കിസ്ഥാൻ സർവകലാശാലയിൽ നിന്നുമാണ്. സിപിഎമ്മിലാണ് നിൽക്കുന്നത്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ സംരക്ഷണം നൽകുന്നതായും അവർ കൂട്ടിച്ചേർത്തു.