മുന്നറിയിപ്പില്ലാതെ രാത്രിയിൽ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി ശരിയല്ലെന്ന് തമിഴ്‌നാടിനോട് കേരളം


തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതിൽ പ്രതിഷേധം അറിയിച്ച് കേരളം. പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രാത്രിയിൽ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി ശരിയല്ല. പകൽ സമയങ്ങളിൽ വെള്ളം ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വെള്ളം എടുക്കണമെന്ന് തമിഴ്‌നാടിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കേന്ദ്ര ജല കമ്മിഷനെയും സ്ഥിതി ഗതികൾ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ മുല്ലപ്പെരിയാർ‍ അണക്കെട്ടിന്റെ രണ്ട് സ്പിൽ‍വേ ഷട്ടറുകൾ‍ അടച്ചു. രാവിലെ മുതൽ‍ ഒന്‍പത് ഷട്ടറുകൾ‍ തുറന്നുവിട്ടിട്ടും ഡാമിലെ ജലനിരപ്പിൽ‍ കുറവുവന്നിട്ടില്ല. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. വൈകുന്നേരത്തോടെ മഴ ശക്തമായാൽ‍ വീണ്ടും അടച്ച ഷട്ടറുകൾ‍ തുറന്നേക്കും. 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട് നിലവിൽ‍ അണക്കെട്ടിൽ‍ നിന്ന് കൊണ്ടുപോകുന്നത്. നിലവിൽ‍ ഏഴ് ഷട്ടറുകളിലൂടെയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. 30 സെന്റിമീറ്റർ‍ വീതമാണ് ഷട്ടറുകൾ‍ തുറന്നിരിക്കുന്നത്.

മുല്ലപ്പെരിയാർ‍ അണക്കെട്ടിൽ‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെയാണ് ഒന്‍പത് സ്പിൽ‍വേ ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിത്തുടങ്ങിയത്. 5 ഷട്ടറുകൾ‍ 60 സെന്റീമീറ്ററും, 4 ഷട്ടറുകൾ‍ 30 സെന്റീമീറ്റർ‍ വീതമാണ് ഉയർ‍ത്തിയത്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർ‍ദേശം നൽ‍കിയിട്ടുണ്ട്.

You might also like

Most Viewed