ശാരിമോൾ ജീവനൊടുക്കിയ കേസ്:‍ ഭർ‍ത്താവും കുടുംബവും അറസ്റ്റിൽ


പത്തനംതിട്ട: തിരുവല്ല മേപ്രാലിൽ‍ ശാരിമോൾ(30) ജീവനൊടുക്കിയ കേസിൽ‍ ഭർ‍ത്താവും കുടുംബവും അറസ്റ്റിലായി. യുവതിയുടെ സഹോദരന്‍റെ ഭാര്യയും കേസിൽ‍ പ്രതിയാണ്. സ്ത്രീധനത്തർ‍ക്കത്തെ തുടർ‍ന്ന് ഭർ‍ത്താവിന്‍റെ വീട്ടുകാർ‍ യുവതിയുടെ വീട്ടിലെത്തി സംഘർ‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് യുവതി ഒതളങ്ങ കഴിച്ചത്. 

2021 മാർ‍ച്ച് 30ന് ഭർ‍ത്താവിന്‍റെ വീട്ടുകാർ‍ ശാരിമോളുടെ വീട്ടിലെത്തി സംഘർ‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് വിഷക്കായ കഴിച്ചത്. അടുത്ത ദിവസം ശാരി മരിച്ചു. ശാരിമോളുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭർ‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.‌

ഭർ‍ത്താവ് കൃഷ്ണദാസ്, സഹോദരൻ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോടതി മുൻകൂർ‍ ജാമ്യം അനുവദിച്ചിരുന്നതിനാൽ‍ നാലുപേരെയും ജാമ്യത്തിൽ‍ വിട്ടു. സ്ത്രീധന പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്.

ശാരിമോളുടെ സഹോദരന്‍റെ ഭാര്യ സ്മിതയും കേസിലെ പ്രതിയാണ്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. സ്മിതയെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്. 2019 നവംബർ‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. ബഹ്റൈനിൽ‍ നഴ്സായിരുന്ന ശാരിമോൾ‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘർ‍ഷവും ആത്മഹത്യയുമുണ്ടായത്.

You might also like

Most Viewed