മാറാട് കൂട്ടക്കൊലക്കേസ്: രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ


കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. 95−ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ് കുട്ടി (50), 148−ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവർക്കാണ് എരഞ്ഞിപ്പാലം കോടതി ശിക്ഷ വിധിച്ചത്. കോയമോൻ സ്പർധ വളർത്തൽ, അന്യായ സംഘത്തിൽ അംഗമാകൽ, സ്ഫോടകവസ്തു നിരോധന എന്നീ വകുപ്പുകളിൽ കുറ്റം ചെയ്തെന്നാണ് തെളിഞ്ഞത്. നിസാമുദ്ദീൻ ശിക്ഷാ നിയമ പ്രകാരം കൊല, അന്യായ സംഘാംഗമാകൽ, മാരകായുധവുമായി കലാപം, ആയുധനിരോധ നിയമം 27 എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. 2003 മേയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയതിൽ അരയ സമാജത്തിലെ എട്ടുപേരും അക്രമിസംഘത്തിലെ യുവാവും മരിച്ചതായാണ് കേസ്. 

ഒളിവിൽ പോയ കോയമോൻ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ദീൻ 2010 ഒക്ടോബർ 15ന് നെടുന്പാശേരി എയർപോർട്ടിലുമാണ് പിടിയിലായത്. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ആർ. ആനന്ദാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ഒന്പതു പേർ മരിച്ച കേസിൽ ആകെ 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതിൽ 62 പേർക്കും ജീവപര്യന്തം തടവ് വിധിച്ചു. ഹൈക്കോടതി വിധി ശരി വച്ചതിനു പുറമേ പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികൾക്കു കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed