വിദ്യാർത്ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം; പ്രിൻസിപ്പാളിന്റെ പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്


കാസർകോട്: വിദ്യാർത്ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ പ്രിൻസിപ്പാളിന്റെ പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.

രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനദിനെതിരെ കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ പരാതി നൽകിയത് കോളജ് അധികൃതരാണ്. കാസർകോട് ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പാൾ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്നായിരുന്നു ആരോപണം. കോളജിൽ നിന്ന് പുറത്താക്കാതിരിക്കാൻ ആണെന്നും വിദ്യാർത്ഥി ആരോപിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥി സ്വമേധയാ കാലിൽ വീഴുകയായിരുന്നുവെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചത്.

കാസർകോട് ഗവൺമെന്റ് കോളജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. കെ. രമയ്‌ക്കെതിരെയാണ് പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെക്കൊണ്ട് കാൽ പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം.

എന്നാൽ ആരോപണം തെറ്റാണെന്ന് രമ വ്യക്തമാക്കി. മാസ്‌ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥി തന്നെ അടിക്കാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും നിന്ന മറ്റ് വിദ്യാർത്ഥികൾ ചേർന്നാണ് പിടിച്ചുമാറ്റിയത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകരുതെന്നും ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സ്വമേധയാ കാലിൽ വീഴുകയായിരുന്നുവെന്ന് രമ വ്യക്തമാക്കി. 

You might also like

Most Viewed