വ്യാജപീഡന പരാതി നൽകിയ വനിത എസ്.ഐക്ക് സസ്പെൻഷൻ


 

കോഴിക്കോട്: വാടക കുടിശിക ചോദിച്ചതിന് വീട്ടുടമയുടെ മരുമകനെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയുടെ ഓഫീസിലെ എസ്ഐ സുഗുണവല്ലിക്കെതിരെയാണ് നടപടി. എസ്ഐ നാല് മാസത്തെ വാടക തരാത്തതിന് പന്നിയങ്കര സ്വദേശിയായ വീട്ടുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് വീട്ടുടമയുടെ മരുമകന്‍ തന്‍റെ കൈക്ക് കയറി പിടിച്ചെന്നും , വിവാഹ മോതിരം ഊരിയെടുത്തെന്നും എസ്ഐ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. തുടർന്നാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്ള്ളതുകൊണ്ടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
വനിതാ എസ്ഐ സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയില്‍ നിന്നുളള കുടുംബമാണ് പന്നിയങ്കര ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല. നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനില്‍ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്‍റെ കൈയില്‍ കയറി പിടിച്ചതായി പരാതി നല്‍കി. തന്‍റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നല്‍കിയ അഡ്വാന്‍സ് തുകയായ 70000രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ തിരികെ തിരികെ കിട്ടാനുണ്ടെന്നും പരാതിയിലുണ്ടായിരുന്നു.
തുടര്‍ന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ മരുമകനെതരെ പീഡനക്കുറ്റം ചുമത്തി കേസ് എടുത്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തില്‍ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്. മാത്രമല്ല തന്‍റെ കുടുംബത്തെക്കുറിച്ചും മറ്റും എസ്ഐ നല്‍കിയ വിവരങ്ങളും കളവായിരുന്നെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. ഫറൂഖ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എംഎം സിദ്ദീഖിനായിരുന്നു അന്വേഷണ ചുമതല. സബ് ഇന്‍സ്പെക്ടര്‍ പദവി ദുരുപയോഗം ചെയ്ത് സുഗുണവല്ലി പല ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

 

You might also like

  • Straight Forward

Most Viewed