കൊച്ചി റോഡ് ഉപരോധം; ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

എറണാകുളം ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി . വി.ജെ പൗലോസ് , കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ് . അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്.ഐ.ആർ. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സമരം ഉദ്‌ഘാടനം ചെയ്തത്. സമരത്തിന് അനുമതി നൽകിയിരുന്നില്ലായെന്ന് ഇന്നലെ തന്നെ ഡി.സി.പി വ്യക്തമാക്കിയിരുന്നു. ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിനിമ താരം ജോജു ജോർജ് നൽകിയ പരാതിയാണ് ഒന്നാമത്തേത്. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഈ കേസിലാണ് പതിനഞ്ച് കോൺഗ്രസ് നേതാക്കളുൾപ്പെടെ അമ്പത് പേരുടെ പേരുള്ളത്.