രണ്ട് പതിറ്റാണ്ടിന് ശേഷം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍


തിരുവനന്തപുരം: ഒടുവിൽ ചെറിയാന്‍ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. 20 വർഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങി വരുന്നത്. ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു. 20 വർഷം ഇടത് പക്ഷത്തു ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു. കോൺഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിനെ പോലുളളവരുടെ തിരിച്ചുവരവ് അണികൾക്ക് ആവേശം പകരും. ചെറിയാനെ എല്ലാ ‌കോൺഗ്രസ് നേതാക്കളും സസ്വാഗതം ചെയ്തിട്ടുണ്ട് . തനിക്ക് പകരം ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും എ കെ ആന്റണി പ്രതികരിച്ചു.

രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാൻ ഫിലിപ്പും ഇടത് മുന്നണിയും തമ്മിൽ തെറ്റുന്നത്. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി മെല്ലെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് കൂടെ ചെയ്തതോടെ അനുനയത്തിനുള്ള ശ്രമങ്ങൾ ഇടത് മുന്നണി അവസാനിപ്പിച്ചു.
എ കെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ മുൻകൈയ്യെടുത്തത്. തിരിച്ചു വരുന്ന മുതി‌ർന്ന നേതാവിന് എന്ത് പദവി നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പലരും പാർട്ടി വിടുമ്പോഴുള്ള ചെറിയാൻ്റെ മടക്കം കോൺഗ്രസ്സിന് രാഷ്ട്രീയനേട്ടം തന്നെയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed