മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139.5 അടിയാക്കി നിലനിർത്തുമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിനു നിയന്ത്രണം ഏർപ്പെടുത്തി സുപ്രീം കോടതിയുടെ നിർണായക തീരുമാനം. മേൽനോട്ട സമിതി മുന്നോട്ടുവച്ച നിർദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയാക്കി നിലനിർത്താമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. അടുത്ത നവംബർ 10 വരെ ഈ നില തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ചു ജലനിരപ്പ് മേൽനോട്ട സമിതിക്കു വേണമെങ്കിൽ പുനപ്പരിശോധിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഇനി നവംബർ 11ന് പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കണമെന്ന വാദമാണ് തമിഴ്നാട് മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, ഇത് അപകടകരമാണെന്നു കേരളം ചൂണ്ടിക്കാട്ടി. റൂൾ കർവ് റിപ്പോർട്ട് അംഗീകരിക്കാത്ത കേരളം ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഉടൻ മറുപടി നൽകാൻ സുപ്രീംകോടതി ഇന്നലെ കേരളത്തിനു നിർദേശം നൽകിയിരുന്നു. അണക്കെട്ടിന്‍റെ സുരക്ഷയാണു മുഖ്യമെന്നു നിരീക്ഷിച്ച ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30നകം മറുപടി നൽകണമെന്നാണ് കേരളത്തോട് നിർദേശിച്ചിരുന്നത്. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാടിനെതിരേ പരിസ്ഥിതി പ്രവർത്തകൻ ഡോ.ജോ ജോസഫ്, പാട്ടക്കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിനെതിരേ സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നു കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കേരളം ആവശ്യപ്പെട്ടതപോലെ പരമാവധി വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകും. ജനതാത്പര‍്യം സംരക്ഷിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടതെല്ലാം ചെയ്യും.<br> <br> ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് എല്ലാ വിവരങ്ങളും നൽകണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ഇതിനിടെ, ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ ഏഴിനു തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3,800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

You might also like

Most Viewed