കൂട്ടിക്കൽ ടൗണിന്‍റെ പാതി ഭാഗം ഒലിച്ചു പോയി; നിരവധി കടകളും അപ്രത്യക്ഷമായി


മുണ്ടക്കയം: പുല്ലകയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ഒഴുകിപ്പോയത് കൂട്ടിക്കൽ ടൗണിന്‍റെ പാതി ഭാഗം. അവശേഷിച്ചിരിക്കുന്നത് ചെളിയും മണ്ണും നിറഞ്ഞ് ആകെ നാശമായ അവസ്ഥയിലും. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും തകർന്നു. പല വീടുകളിലും മുട്ടറ്റവും അരയറ്റവും പൊക്കത്തിൽ എക്കലും ചെളിയും അടിഞ്ഞിരിക്കുകയാണ്. വീട്ടിലെ ഉപകരണങ്ങൾ ഏതാണ്ട് പൂർണമായി തകർന്നു. പലതും ചെളിയിൽ പൂണ്ടു. വൈദ്യുതോപകരണങ്ങൾ ചെളികയറി കേടായി. ഫർണിച്ചറുകളും ഉപയോഗശൂന്യമായി.

വിവിധ ഭാഗങ്ങളിലായുണ്ടായ ഉരുൾപൊട്ടലിൽ പുല്ലകയാറിലൂടെ ഒഴുകിയെത്തിയ തടിയും കല്ലും കൂട്ടിക്കൽ കോസ് വേയിൽ വന്നു തങ്ങി. മുണ്ടക്കയം − കൂട്ടിക്കൽ − ഇളംകാട് റോഡ് പൂർണമായും തകർന്നു. ശനിയാഴ്ച രാവിലെ 10 മിനിറ്റുകൊണ്ട് പുല്ലുകയാർ 15 അടിയിലേറെ മല വെള്ളം ഉയർന്നു പൊങ്ങിയതോടെ കൂട്ടിക്കൽ മുതൽ ചപ്പാത്ത്, വേലനിലം, മൂന്നാംമൈൽ മേഖലകളിൽനിന്നായി നൂറുകണക്കിനാളുകൾ ജീവനുമായി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളമിറങ്ങിയതോടെ പലരും തിരികെ വീടുകളിലേക്കു തിരികെ എത്തിത്തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്തേക്കുള്ള വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകൾ തകർന്നതിനാൽ പലേടത്തും ഇനിയും വൈദ്യുതിയും വെളിച്ചവും എത്തിയിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.  

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ആന്റോ ആന്‍റണി എംപി, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ, പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ദുരന്തഭൂമി സന്ദർശിച്ചു. മന്ത്രിമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.  ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച ശക്തമായ മഴ മുണ്ടക്കയം പഞ്ചായത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പല മേഖലയിലേക്കും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആയിട്ടില്ല.  മണിമലയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇനിയും മഴയെത്തുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആയിരത്തിലധികം പേരെ വിവിധ ക്യാന്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like

Most Viewed