മോൻസൺ നാലുവർഷത്തിനിടെ കബളിപ്പിച്ചത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ കഴിഞ്ഞ നാലുവർഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ബാങ്ക് ഇടപാടുകൾ ഒഴിവാക്കി ഇടപാടുകൾ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോൻസൺ മാവുങ്കൽ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പണം ചിലവഴിച്ചതിനെ പറ്റി നിലവിൽ രേഖകളില്ലാത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നക്ഷത്ര ഹോട്ടലുകളിൽ അടക്കം മോൻസൺ ചില ഇവന്റുകൾ സംഘടിപ്പിച്ചിരുന്നു. ഇവയുടെ പണമിടപാടും അന്വേഷിക്കുകയാണ്. മോൻസന്റെ അടുത്ത സഹായികളുടെ ബാങ്ക് ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോൻസൺ എഡിഷൻ, കലിംഗ ഉൾപ്പെടെ മൂന്ന് കന്പനികൾ ഇയാളുടെ പേരിലുണ്ടെങ്കിലും ഇവ വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കന്പനികളുമായി ബന്ധപ്പെട്ട ഒരു രേഖകളും മോൻസന്റെ പക്കലില്ല. തൃശൂരിലെ വ്യവസായി ജോർജ് എന്നയാളും കഴിഞ്ഞ ദിവസം മോൻസണെതിരെ സാന്പത്തിക തട്ടിപ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. മോൻസൺ തന്റെ പക്കൽനിന്ന് 17 ലക്ഷം രൂപ വാങ്ങിയെന്നും തിരികെ ലഭിച്ചില്ലെന്നുമാണ് പരാതി.
അതേസമയം മോൻസൺ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പുരാവസ്തു നൽകി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി.