ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാൽ തിരിച്ചടിക്കും

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിന്‍റെ പേരിൽ യുഡിഎഫ് നേതാക്കളെ അപമാനിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെങ്കിൽ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ പിന്തുണച്ചാണ് നിയമസഭയിൽ സതീശന്‍റെ മറുപടി. സുധാകരനെതിരായ പരാതി തട്ടിപ്പാണ്. ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാൽ തിരിച്ചടിക്കും. വ്യാജ ഡോക്ടർ ആണെങ്കിൽ സിനിമാ താരങ്ങൾ ഉൾപ്പെടെ മോൻസന്‍റെ അടുത്ത് പോകുമായിരുന്നോ. വരുന്നവരുടെ ജാതകം നോക്കിയല്ല ഫോട്ടോ എടുക്കുന്നതെന്നും സതീശൻ പറഞ്ഞു. മോൻസനെ ആരൊക്കെ കണ്ടു, ചികിത്സിച്ചു എന്നൊക്കെ അറിയാമെന്നാണ് മുഖ്യമന്ത്രി നേരത്തേ സഭയിൽ പറഞ്ഞത്.
ഇക്കാര്യത്തിൽ കൂടുതലായി ഒന്നും ഇപ്പോൾ പറയാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനിടെ മുഖ്യമന്ത്രിയുടെ മറുപടിക്കിടെ ഭരണകക്ഷി അംഗങ്ങൾ മോൻസനെ സന്ദർശിച്ചത് കെ. സുധാകരനെന്ന് വിളിച്ചു പറഞ്ഞതോടെ സഭ പ്രക്ഷുബ്ദമായി. ഭരണകക്ഷി അംഗങ്ങൾക്കെതിരേ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയതോടെ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്.