സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സീനേഷൻ ഈ മാസം പൂർത്തിയാവും: ആരോഗ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകി കഴിഞ്ഞു. ആദ്യഡോസ് വാക്സീനേഷൻ ഈ മാസം തന്നെ പൂർത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ് വാക്സീനേഷനും പൂർത്തിയാക്കും.

വാക്സീൻ സ്വീകരിച്ച അപൂർവ്വം ചിലരിൽ മാത്രം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്സീൻ സ്വീകരിച്ചവരിലുണ്ടായ പാർശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്.
അതേസമയം കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 91.77 കോടിയിലധികം (91,77,37,885) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6.73 കോടിയിൽ അധികം ((6,73,07,240) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed