നഴ്സിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പോലീസിനെതിരെ വീട്ടുകാർ

കായംകുളം: വണ്ടാനം മെഡിക്കൽ കോളജിൽനിന്നു കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ആരോഗ്യ പ്രവർത്തകയെ മർദിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പോലീസിനെതിരേ യുവതിയുടെ വീട്ടുകാർ. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂരിനു സമീപം ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സ് സുബിനയ്ക്കു നേരെയായിരുന്നു അതിക്രമം. കഴുത്തിനു പരിക്കേറ്റ ആരോഗ്യ പ്രവർത്തകയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘം തലയ്ക്കു പിന്നിൽ അടിച്ചു വീഴ്ത്തുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു.
പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ആരോഗ്യ പ്രവർത്തക രക്ഷപ്പെട്ടത്. തൃക്കുന്നപ്പുഴ പാനൂരാണ് സുബിന താമസിക്കുന്നത്. തോട്ടപ്പള്ളിയിൽനിന്നു തൃക്കുന്നപ്പുഴ പാനൂർ റോഡിലേക്കു കയറുന്പോൾ ബൈക്കിൽ പിന്നാലെ എത്തിയ സംഘം ആക്രമിക്കുകയും തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. അടിച്ചു വീഴ്ത്തിയശേഷം കഴുത്തിനു കുത്തിപ്പിടിച്ചു ബൈക്കിൽ കയറ്റി കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചത്. ഇതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു. അക്രമികളിൽനിന്നു സമീപത്തെ വീട്ടിലേക്ക് ഇവർ ഈ സമയം ഓടി കയറി. ഇതിനിടയിൽ പോലീസ് പട്രോളിംഗ് വാഹനം വരുന്നതുകണ്ട് അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് ഗൗരവത്തോടെ അന്വേഷിച്ചില്ലെന്നു സുബിനയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
പരിക്കേറ്റ സുബിനയെ സ്റ്റേഷനിൽ എത്തിച്ചാൽ മൊഴിയെടുക്കാമെന്നു പോലീസ് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതികൾ തോട്ടപ്പള്ളി ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്‍റെ ആഘാതത്തിലാണ് സുബിന.