വിദ്യാർഥികൾ ആശങ്കപ്പെടേണ്ട; പുതുക്കിയ പരീക്ഷാക്രമം തയാറാക്കും: ശിവൻകുട്ടി


തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ സമയക്രമം തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും പരീക്ഷകൾ നടത്തുക. എല്ലാ സ്കൂളുകളിൽ അണുനശീകരണം നടത്തും. ചോദ്യപ്പേപ്പർ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചിട്ടുണ്ട്. ഇതിന് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം പരീക്ഷകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതിനെതിരേ ചെറുവിഭാഗം നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്നുണ്ട്. അവരും സർക്കാരിന്‍റെ നടപടിയോട് സഹകരിക്കാൻ തയാറാകണം. പരീക്ഷ എഴുതാൻ തയാറായിരിക്കുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂൾ തുറക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോടു കൂടി ആലോചിച്ച് തീരുമാനിക്കും. ഇതിനായി മികച്ച മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

 

You might also like

Most Viewed