തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു


കാസർഗോഡ്: മഞ്ചേശ്വരത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്ഥാനാർത്ഥിക്ക്‌ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിലായിരുന്നു ചോദ്യം ചെയ്യൽ. സുന്ദരയെ അറിയില്ല, താളിപ്പടപ്പിലെ ഹോട്ടലിൽ‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ചോദ്യം ചെയ്യൽ‍ രാഷ്ട്രീയപ്രേരിതമാണ്. നിയമവ്യവസ്ഥയോട് വിശ്വാസം ഉളളതുകൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നുമാണ് സുരേന്ദ്രന്‍റെ മൊഴി.  മഞ്ചേശ്വരത്ത്‌ മത്സരിച്ച സുരേന്ദ്രന്‍റെ പേരുമായി സാമ്യമുള്ള സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്‌ദാനം ചെയ്‌തുവെന്ന്‌ സുന്ദര വെളിപ്പെടുത്തിയിരുന്നു. 

മാർച്ച്‌ 22ന്‌ താളിപ്പടുപ്പിൽ കെ.സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വച്ചാണ്‌ പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ സുന്ദരയെ കൊണ്ട്‌ നിർബന്ധിപ്പിച്ച്‌ ഒപ്പിടിപ്പിച്ചത്. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയായിരുന്ന വി.വി രമേശൻ നൽകിയ പരാതിയിലാണ് കാസർഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതിചേർക്കാൻ അനുമതി നൽകിയത്. ബദിയടുക്ക പോലീസ് ജൂൺ ഏഴിനാണ് കേസ് രജിസ്റ്റർ‍ ചെയ്തത്. ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന കുറ്റം ചുമത്തിയാണ് സുരേന്ദ്രന് എതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസങ്ങൾക്കുശേഷമാണ് കെ. സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്. നിലവിൽ കെ. സുരേന്ദ്രൻ മാത്രമാണ് ഈ കേസിൽ പ്രതി.

You might also like

Most Viewed