പത്ത് വർഷം ഒളിപ്പിച്ച പ്രണയിനിയെ ജീവിത സഖിയാക്കി റഹ്മാൻ


പാലക്കാട്: പത്ത് വർഷം ഒളിപ്പിച്ച പ്രണയിനി സജിതയെ ഒടുവിൽ ജീവിത സഖിയാക്കി റഹ്മാൻ. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫിസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎൽഎ കെ.ബാബുവിൻ്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നുവെങ്കിലും റഹ്മാന്റെ വീട്ടുകാരുടെ അസാന്നിധ്യം ദന്പതികളെ നിരാശരാക്കി. പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ യുവാവ് 10 വർ‍ഷം ഒറ്റമുറിയിൽ‍ പാർ‍പ്പിച്ച സംഭവം വലിയ ചർ‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്‌മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്‌നേഹിച്ച പെൺകുട്ടിയെ വീട്ടിൽ‍ ഒളിപ്പിച്ചത്. കാണാതായ റഹ്‌മാനെ വഴിയിൽ‍ വച്ച് ബന്ധുക്കൾ‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ‍ റഹ്‌മാനൊപ്പം സജിതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ‍ താമസിച്ചെന്ന വിവരം പുറത്തുവന്നത്. നിരവധി പേർ‍ ഇവരെ അനുകൂലിച്ചും എതിർ‍ത്തും രംഗത്തെത്തി. എന്നാൽ‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പൊലീസ് നിലപാട്.

തുടർന്ന് റഹ്മാനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. എന്നാൽ തങ്ങളെ ജീവിക്കാനനുവദിക്കണമെന്ന് സജിതയും റഹ്മാനും ആവശ്യപ്പെട്ടു. പത്ത് വർ‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടിൽ‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ഭർ‍ത്താവിന്റെ പേരിൽ‍ കേസെടുക്കരുത്. വനിതാ കമ്മീഷൻ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ല. തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടിൽ‍ കഴിയുന്നത്. ഭർ‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്നും സജിത പറഞ്ഞു.

You might also like

Most Viewed