റമദാൻ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികൾ, നാളെ പെരുന്നാൾ


 

തിരുവനന്തപുരം: ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികൾ. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. മാസപിറവി കാണാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‍കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. ആഘോഷങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഖാസിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്. പെരുന്നാള്‍ ദിനം നമസ്ക്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം.
വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് പണ്ഡിതരുടെ ആഹ്വാനം.
അതേസമയം ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ സംസ്ഥാനസർക്കാർ ചെറിയ ഇളവ് നൽകിയിട്ടുണ്ട്. മാംസവിൽപ്പനശാലകൾക്ക് മാത്രം ബുധനാഴ്ച രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

You might also like

Most Viewed