തൃശൂരിൽ കൊറോണ പ്രോട്ടോകോൾ ലംഘിച്ച് മസ്ജിദിൽ മൃതദേഹം സംസ്‌കരിക്കാൻ നീക്കം; കേസ് എടുത്തു

തൃശൂർ: കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മസ്ജിദിൽ മൃതദേഹം സംസ്‌കരിക്കാൻ ശ്രമം. എംഎൽസി ജുമാ മസ്ജിദിലാണ് സംഭവം. വരവൂർ സ്വദേശിനി ഖദീജയുടെ മൃതദേഹമാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ സംസ്‌കരിക്കാൻ ശ്രമിച്ചത്.
കൊറോണ ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഖദീജ മരിച്ചത്. തുടർന്ന് സംസ്‌കാരത്തിനായി മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. വിവരം അറിഞ്ഞ് അധികൃതർ എത്തിയപ്പോഴേക്കും മൃതദേഹം കുളിപ്പിച്ച് മതപരമായ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
സംഭവത്തിൽ പോലീസ് മസ്ജിദ് അധികൃതർക്കെതിരെയും ബന്ധുക്കൾക്കെതിരെയും കേസ് എടുത്തു. മൃതദേഹം എത്തിച്ച ആംബുലൻസും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം വരവൂരിലേക്ക് കൊണ്ടുപോയി പോലീസിന്റെയും മറ്റ് അധികൃതരുടെയും മേൽനോട്ടത്തിൽ സംസ്‌കരിക്കും.
ജില്ലയിൽ ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നിരീക്ഷണമാണ് നടത്തിവരുന്നത്. സംഭവം ഗൗരവമാണെന്നും, കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കണമെന്ന കാര്യം അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.