എടപ്പാടി പളനിസ്വാമി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി തിങ്കളാഴ്ച രാജിവച്ചു. പളനിസ്വാമി തന്റെ സെക്രട്ടറി വഴി സേലത്തുനിന്ന് രാജിക്കത്ത് അയച്ചു. കത്ത് ഗവർണർ ഉച്ചയോടെ കൈപ്പറ്റിയതായാണ് സൂചന. തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഡിഎംകെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയാവും. ഇതിനുള്ള ഒരുക്കങ്ങൾ ഗവർണറുടെ ഓഫീസ് നടത്തുന്നുണ്ട്.
കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടാണ് നടത്തുകയെന്ന് സ്റ്റാലിൻ വ്യക്തമാക്കി. 234ൽ 158 സീറ്റ് നേടിയാണ് ഡി.എം.കെ അധികാരത്തിലെത്തുന്നത്. കൊളത്തൂർ മണ്ധലത്തിൽ ആകെ വോട്ടിന്റെ 58 ശതമാനം പാർട്ടി അദ്ധ്യക്ഷൻ എം.കെ സ്റ്റാലിനാണ് സ്വന്തമാക്കിയത്.
സഖ്യകക്ഷികളിൽ കോൺഗ്രസിന് 17 സീറ്റും സി.പി.എം, സി.പി.ഐ കക്ഷികൾക്ക് രണ്ടു വീതവും. അണ്ണാ ഡി.എം.കെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് 76 സീറ്റുകളുമാണ് ലഭിച്ചത്.