ജോസ് കെ. മാണിക്ക് എകെജി സെന്ററിൽ ഹൃദ്യമായ സ്വീകരണം


തിരുവനന്തപുരം: ഇടുതുമുന്നണി പ്രവേശത്തിന്‍റെ ഭാഗമായി കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ. മാണി എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇടതുമുന്നണി കൺവീനർ എ. വിജ‍യരാഘവൻ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എകെജി സെന്‍ററിൽ നടക്കുന്നതിനിടെയാണ് ജോസ് കെ. മാണി എത്തിയത്. റോഷി അഗസ്റ്റിൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. ഹൃദ്യമായ സ്വീകരണമാണ് എകെജി സെന്‍ററിൽ ജോസിന് ലഭിച്ചത്. കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിയ ജോസിനേയും റോഷിയേയും കോടിയേരിയും വിജയരാഘവനും എകെജി സെന്‍ററിന്‍റെ പടിവാതൽവരെ അനുഗമിച്ചു. നിറഞ്ഞ ചിരിയോടെയും കൂപ്പുകൈകളോടെയും ഇരുവരെയും യാത്രയാക്കുകയും ചെയ്തു.

നേരത്തെ സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടതിനു ശേഷമാണ് ജോസ് എകെജി സെന്‍ററിലെത്തിയത്. എംഎൻ സ്മാരകത്തിൽനിന്നും സിപിഎം അനുവദിച്ച വാഹനത്തിലാണ് എകെജി സെന്‍ററിലേക്ക് വന്നതെന്നതും ശ്രദ്ധേയമായി. എംഎൻ സ്മാരകത്തിൽ എത്തിയത് എംപി ബോർഡുവച്ച വാഹനത്തിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ. മാണി പറഞ്ഞു. വലിയ കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ല. വന്നു, കണ്ടു, അത്ര തന്നെ. ഭാവി കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.  ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും കാണാൻ ജോസ് തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കോവിഡ് രോഗിയുമായി സന്പർക്കം ഉണ്ടായതിനാൽ മുഖ്യമന്ത്രി ഏതാനും ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അതിനാലാണ് കൂടിക്കാഴ്ച നടക്കാതെപോയത്. നാളെത്തന്നെ എൽഡിഎഫ് യോഗം വിളിച്ചുചേർക്കാനാണ് സാധ്യത. ഇതിൽ ജോസിന്‍റെ മുന്നണിപ്രവേശനം എന്ന് വേണമെന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.

You might also like

  • Straight Forward

Most Viewed