കെ.ടി ജലീലിന് പിന്തുണയുമായി സിപിഐ: കേന്ദ്ര ഏജൻസികളുടെ ശ്രമം പുകമറ സൃഷ്ടിക്കാൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌ത മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ ശ്രമം പുകമറ സൃഷ്‌ടിക്കുവാനാണ്. അന്വേഷണം വഴി തിരിച്ച് വിടാൻ ഇവർ ശ്രമിക്കുകയാണ്. അതല്ല എന്ന് പറയുന്നവൻ കണ്ണ് പൊട്ടനായിരിക്കണം.
മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്‌തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ആറ് മാസമായി ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അതിൽ രാഷ്ട്രീയമുണ്ട്. 19 മന്ത്രിമാരെയും ചോദ്യം ചെയ്‌താൽ മന്ത്രിസഭ രാജിവയ്‌ക്കണോ? സ്വർണക്കേസ് അന്വേഷണത്തിനായി വിദേശത്തേക്ക് പോയ കേന്ദ്ര ഏജൻസിക്ക് ഫ്‌ളൈറ്റ് ചാർജ് പോയത് മാത്രമാണ് മിച്ചമെന്നും കാനം പറഞ്ഞു. ഈ അന്വേഷണം മേയ് മാസത്തിൽ ഇലക്ഷൻ വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.