ഡ്രൈവർക്ക് കൊവിഡ്: കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിൽ
കണ്ണൂർ: വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിലേക്ക് മാറി. രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്.
സഹപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്ന് വ്യക്തമാക്കി കണ്ണൂരിലെ കെഎസ്ആർടിസി ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ബസിൽ ഡ്രൈവർമാരുട ക്യാബിൻ പൊളിത്തീൻ ഷീറ്റ് കൊണ്ട് മറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം. സാനിറ്റൈസർ പോലും ഇവിടെ ലഭ്യമല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

