തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫും എൽ.ഡി.എഫും
കോഴിക്കോട്: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 22 സീറ്റുകളിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ 17 സീറ്റുകൾ യു.ഡി.എഫ് നേടി. ബി.ജെ.പിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്.
തിരുവനന്തപുരം
തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണിൽ യു.ഡി.എഫ് വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.ഐ എമ്മിലെ എം നജീം ആണ‌് വിജയിച്ചത്. കുന്നത്തുകാൽ കോട്ടുകോണം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൻ ശ്രീകലയാണ് വിജയിച്ചത്. അന്പൂരി ചിറയക്കോട് വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്. കാട്ടാക്കട പഞ്ചായത്തിലെ പനയംകോട‌് വാർഡ് യു.ഡി.എഫ് ജയിച്ചു. കോൺഗ്രസിലെ ആർ ജോസാണ് വിജയിച്ചത്. കഴിഞ്ഞതവണ എൽ.ഡി.എഫ് ജയിച്ച വാർഡാണിത്. മാറനെല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡ് എൽ.ഡി.എഫ് വിജയിച്ചു. സി.പി.ഐ.എമ്മിലെ ബി. നസീറയാണ‌് വിജയിച്ചത്. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്നു. കുഴിവിള വാർഡ് ബി.ജെ.പി നിലനിർത്തി. കല്ലറി പഞ്ചായത്ത് വെള്ളംകുടി വാർഡ് എൽ.ഡി.എഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ശിവദാസൻ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫ് 9 എൽ.ഡി.എഫ് 8 എന്ന നിലയിലാണ് കഷിനില.
കൊല്ലം
കൊല്ലം ജില്ലയിൽ 4 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥലത്ത് എൽ.ഡി.എഫ് വിജയിച്ചു. അഞ്ചൽ പഞ്ചായത്ത് മാർക്കറ്റ് വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. 46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ നസീമ ബീവി വിജയിച്ചു. ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എൽ.ഡി.എഫിലെ ബി. ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കൽ പഞ്ചായത്തിലെ തുന്പോട്ട് എൽ.ഡി.എഫിലെ ജെ.എം മർഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണന്പലം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. നിലവിൽ ഇത് എൽ.ഡി.എഫ് വാർഡായിരുന്നു.
ആലപ്പുഴ
ചേർത്തല നഗരസഭയിലെ ടി.ഡി അന്പലം വാർഡ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറന്പ് വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. കുത്തിയതോട് പഞ്ചായത്ത് − 12 ആം വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. −സി.പി.ഐ സ്ഥാനാർത്ഥി കെ.എസ്. ഷിയാദ് ജയിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാർ ഡിവിഷനിലെ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്‍റെ സുരേഷ് കുമാർ കളീക്കൽ 954 വോട്ടുകൾക്ക് വിജയിച്ചു. കായംകുളം നഗരസഭയിലെ വെയർഹൗസ് വാർഡ് എൽ.ഡി.എഫ് നിലനിർത്തി.
പത്തനംതിട്ട
റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കമൺ വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. ഇടത് സ്വതന്ത്രൻ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ജയിച്ചത്.
കോട്ടയം
കോട്ടയം ജില്ലയിൽ ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ്. ഇതിൽ നാലിടത്ത് യു.ഡി.എഫ് വിജയിച്ചു. ഒരെണ്ണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ഒരു സീറ്റ് നിലനിർത്തി. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസിലി ജോൺ വിജയിച്ചു. നേരത്തെ എൽ.ഡി.എഫ് ജയിച്ച വാർഡാണ്. പാന്പാടി ബ്ലോക്ക‌് കിടങ്ങൂർ ഡിവിഷൻ യു.ഡി.എഫ് വിജയിച്ചു. നിലവിൽ എൽ.ഡി.എഫ‌് പ്രതിനിധീകരിച്ചിരുന്ന വാർഡാണ്. യു.ഡി.എഫിലെ നിന്ന് ജോസ‌് തടത്തലാണ് വിജയിച്ചത്. പാന്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷൻ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. റോസ‌്നി ജോബിയാണ് വിജയിച്ചത്. കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാർഡ‌് യു.ഡി.എഫ് വിജയിച്ചു. കേരള കോൺഗ്രസ്സ‌് എമ്മിലെ എം.സി ജേക്കബാണ് വിജയിച്ചത്. പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് സ്വതന്ത്രൻ രാജേഷ് 394 വോട്ടിന് വിജയിച്ചു.
ഇടുക്കി
ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോർത്ത് ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. എസ് സുനീഷ് വിജയിച്ചു. ഇതോടെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തിൽ 6 − 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എൽ.ഡി.എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷമായി. ദേവികുളം ബ്ലോക്ക് കാന്തല്ലൂർ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ആർ. രാധാകൃഷ്‌ണനാണ് വിജയിച്ചത്. ഇടുക്കി ഉപ്പുതറ കാപ്പി പതാൽ വാർഡ് യു.ഡി.എഫ് നിലനിർത്തി.തൊടുപുഴ നഗരസഭ 23 ആം വാർഡ് ബി.ജെ.പി നിലനിർത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി മായാ ദിനുവിന്റെ ജയം. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി.
എറണാകുളം
നെല്ലിക്കുഴി പഞ്ചായത്ത് യു.ഡി.എഫ് വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എം അബ്ദുൽ അസീസ് ആണ് ജയിച്ചത്. എറണാകുളം മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സീബ വർഗീസ് 627വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.
തൃശ്ശൂർ
തൃശ്ശൂർ ജില്ലയിൽ നാലിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടിലിൽ 730 വോട്ടുകൾക്ക് വിജയിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു. പാഞ്ഞാൾ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി എ.എ ആസിയ 183 വോട്ടിന് വിജയിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോലഴി നോർത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ സുരേഷ് കുമാർ 165 വോട്ടിന് വിജയിച്ചു.
പാലക്കാട്
പാലക്കാട് ജില്ലയിൽ രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ‌്. കൊഴിഞ്ഞാന്പാറ പഞ്ചായത്തിലെ നാട്ടുകൽ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വനജ കണ്ണൻ വിജയിച്ചു. മലന്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാർഡ് ബി.ജെ.പി നിലനിർത്തി. ബി.ജെ.പിയിലെ സൗമ്യ സജീഷ‌് ആണ് വിജയിച്ചത്.
മലപ്പുറം
അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18−ാം വാർഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി വി. ഷഹർബാൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ യു.ഡി.എഫ് നിലനിർത്തി. മുസ്ലീം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എം.ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പെരിന്തൽമണ്ണ മണ്ധത്തിലെ ആലിപറന്പ് പഞ്ചായത്ത് എട്ടാം വാർഡ് വട്ടപറന്പ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി ഹൈദരാലി വിജയിച്ചു.
കോഴിക്കോട്
കൊടുവള്ളി നഗരസഭയിലെ 14−ാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി.
വയനാട്
വയനാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടിൽ പഞ്ചായത്ത‌് 13−ാം വാർഡിൽ (മാണ്ടാട‌് ) എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുള്ള പുൽപ്പാടി (സി.പി.എം) വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ‌് സ്വതന്ത്രനായി മത്സരിച്ച എ.എം നജീം തെരഞ്ഞെടുക്കപ്പെട്ട വാർഡായിരുന്നു.
കണ്ണൂർ
ധർമ്മടത്തെ കിഴക്കെ പാലയാട് വാർഡ് ബി.ജെ.പി നിലനിർത്തി.

