ശബരിമല ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് എൻ.കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിന്റെ നടപടിക്രമം മാത്രമാണ് ഇന്ന് നടന്നത്. ബില്ലിനു മേലുള്ള ബാക്കി നടപടികൾ പിന്നീട് ഉണ്ടാകും. ശബരിമലയിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു മുന്പുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ശബരിമല ശ്രീ ധർമശാസ്താ ടെന്പിൾ (സ്പെഷ്യൽ പ്രൊവിഷൻ) ബിൽ 2019. നറുക്കെടുപ്പിലൂടെയായിരിക്കും സ്വകാര്യ ബിൽ സഭ ചർച്ചയ്ക്കെടുക്കുന്നത്.
അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നിയമനിർമ്മാണം വേണമെന്ന് സഭാധ്യക്ഷയായ മീനാക്ഷി ലേഖി പറഞ്ഞു. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ള ബില്ലല്ലെന്നും മാധ്യമ വാർത്തകളിൽ ഇടം നേടാനാണ് ബില്ലമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണ്. ഒരു ഭാഗത്ത് യോജിക്കുകയും യു.ഡി.എഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

