ആന്റോ അഗസ്റ്റിനെതിരായ നടപടിയെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി; മാധ്യമത്തിന്റെ മറവിലെ വ്യാജപ്രവർത്തനം അപകടകരമെന്ന് വിമർശനം
പ്രദീപ് പുറവങ്കര
കോട്ടയം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ സംസ്ഥാന സർക്കാർ നടപടിയെ പൂർണ്ണമായും സ്വാഗതം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷൻ. മാധ്യമത്തിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താമെന്ന ധാരണ സമൂഹത്തിന് ഏറെ അപകടകരമാണെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'യോഗനാദം' വാരികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത്.
പത്രപ്രവർത്തനത്തിന് വലിയ പാരമ്പര്യമുള്ള കേരളത്തിൽ അടുത്തകാലത്തായി തട്ടിപ്പുകാരും പലിശക്കാരും മാധ്യമസ്ഥാപനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ ഉടമസ്ഥതയുടെ മറവിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇത്തരം മാധ്യമ മുതലാളിമാർ പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും ജയിൽശിക്ഷ അനുഭവിച്ചവരാണെന്നും ഇവർക്കെതിരെ നിരവധി തട്ടിപ്പുകേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും, കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ച് കായികവകുപ്പിനെയും അന്നത്തെ മന്ത്രിയെയും ദുരുപയോഗം ചെയ്തെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഇത്തരം നടപടികൾക്ക് അറിഞ്ഞോ അറിയാതെയോ മുൻ സർക്കാരും കൂട്ടുനിന്നു. ചാനൽ ഓഫീസിലെ റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വാദത്തെയും അദ്ദേഹം തള്ളി. മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല. തട്ടിപ്പുകാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമ്പോൾ അതിനെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ എതിർക്കുന്നത് കുറ്റവാളികളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
sdsdf

