മുത്തലാഖ് ബിൽ‍ കേന്ദ്രസർ‍ക്കാർ‍ ലോക്‌സഭയിൽ‍ അവതരിപ്പിച്ചു; എതിർ‍ത്ത് കോൺ‍ഗ്രസും ഉവൈസിയും


ന്യുഡൽ‍ഹി: മുത്തലാഖ് ക്രിമിനൽ‍ കുറ്റമാക്കുന്ന ബിൽ‍ കേന്ദ്രസർ‍ക്കാർ‍ ലോക്‌സഭയിൽ‍ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ‍ സംരക്ഷിക്കുന്ന ബിൽ‍ ആണിതെന്നും സ്ത്രീകളുടെ ശാക്തികരണവും നീതി നടപ്പാക്കലുമാണ് ഉദ്ദേശിക്കുന്നതെന്ന് ബിൽ‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി രവിശങ്കർ‍ പ്രസാദ് പറഞ്ഞു. ഓർ‍ഡിനന്‍സിനു പകരമുള്ള പുതിയ ബില്ലിനെ കോൺ‍ഗ്രസും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ശക്തമായി എതിർ‍ത്തു. നിയമങ്ങൾ‍ നിർ‍മ്മിക്കുന്നതിനാണ് ജനങ്ങൾ‍ ഈ സർ‍ക്കാരിനെ തെരഞ്ഞെടുത്തത്. സർ‍ക്കാരിന്റെ ദൗത്യവും അതുതന്നെയാണ്. മുത്തലാഖിലെ ഇരകൾ‍ക്ക് നീതി നടപ്പാക്കുന്നതാണ് നിയമമെന്നും നിയമമന്ത്രി പറഞ്ഞു. ബില്ലിനെ കോൺ‍ഗ്രസ് എതിർ‍ത്തത് വലിയ നിരാശയാണ്. നേരത്തെ അവർ‍ എതിർ‍ത്തിരുന്നില്ല. കഴിഞ്ഞ തവണ അവർ‍ ലോക്‌സഭയിൽ‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എന്നാൽ‍ ഇന്ന് ഉവൈസിയെ പോലെ പ്രതിപക്ഷത്തെ എല്ലാവരും ബില്ലിനെ എതിർ‍ത്തു. 

മുത്തലാഖ് ഏതെങ്കിലും മതത്തിന്റെയോ പ്രാർ‍ത്ഥനയുടെയോ വർ‍ഗീയ പരിഗണനയുടെയോ പ്രശ്‌നമല്ല. ഇത് സ്ത്രീകളുടെ അന്തസ്സും നീതിയും ശാക്തീകരണവും ലക്ഷ്യമിട്ട് മാത്രമുള്ളതാണെന്നും നിയമമന്ത്രി പറഞ്ഞു. സോണിയ ഗാന്ധിയെ പോലെ ഒരാൾ‍ കോൺ‍ഗ്രസിന്റെ നേതാവായിരിക്കുന്പോൾ‍ കോൺ‍ഗ്രസ് സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചു. ബില്ലിന്റെ അവതരണത്തെ പോലും എതിർ‍ത്തു. അത് വേദനാജനകം മാത്രമല്ല, അത്യന്തം ഖേദകരമാണെന്നും നിയമമന്ത്രി പറഞ്ഞു. 

സിവിൽ‍ കുറ്റത്തെ ക്രിമിനൽ‍ കുറ്റമാക്കുന്നതാണ് മുത്തലാഖ് ബിൽ‍ എന്ന് ബിൽ‍ അവതരണത്തെ എതിർ‍ത്തുകൊണ്ട് ശശി തരൂർ‍ പറഞ്ഞു. ഖുറാനിൽ‍ പറഞ്ഞതിനെ മാത്രമാണ് സമാജ്‌വാദി പാർ‍ട്ടി പിന്തുണയ്ക്കൂവെന്ന് പാർ‍ട്ടി നേതാവ് അസം ഖാൻ പറഞ്ഞു. 

മുത്തലാഖ് ബിൽ‍ ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് ഉവൈസി പറഞ്ഞു. ഇത് ഭരണഘടനയുടെ അനുഛേദം 14,15 എന്നിവയ്ക്ക് വിരുദ്ധമാണ്. ഗാർ‍ഹിക പീഡന നിയമം 2005, സി.ആർ‍.പി.സി സെക്ഷൻ 125, മുസ്ലീം സ്ത്രീകളുടെ വിവാഹ നിയമം എന്നിവയെല്ലാം ഇവിടെയുണ്ട്. മുത്തലാഖ് ബിൽ‍ നിയമമായാൽ‍ അത് സ്ത്രീകളോടുള്ള കടുത്ത അനീതിയായിരിക്കുമെന്നും ഉവൈസി പ്രതികരിച്ചു. 

മുത്തലാഖ് നിയമപ്രകാരം ഒരാൾ‍ അറസ്റ്റിലായാൽ‍ അയാൾ‍ക്ക് ജയിലിൽ‍ എന്തു പരിഗണന ലഭിക്കും. കുറ്റം ചെയ്യുന്ന മുസ്ലീം പുരുഷൻ‍ ജയിലിലായാലും വിവാഹബന്ധം നിലനിൽ‍ക്കുമെന്ന് പറയുന്നു. ശിക്ഷിക്കപ്പെട്ടാൽ‍ മൂന്ന് വർ‍ഷമാണ് ജയിൽ‍വാസം. വിവാഹം നിലനിൽ‍ക്കുകയും ചെയ്യും പുരുഷന്‍ മൂന്നുവർ‍ഷം ജയിലിൽ‍ കിടക്കുകയും ചെയ്യും. ഇതിനെ ഉവൈസി വിമർ‍ശിച്ചു.

പുതിയ അംഗങ്ങൾ‍ക്ക് ഡിവിഷൻ‍ നന്പർ‍ അനുവദിക്കാത്തതിനാൽ‍ പേപ്പർ‍ സ്ലിപുകൾ‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് ബി.ജെ.പി അംഗം മീനാക്ഷി ലേഖി ശൂന്യവേളയിൽ‍ ആവശ്യപ്പെട്ടു. അവകാശങ്ങൾ‍ സംരക്ഷിക്കുന്നതിന് നിയമനിർ‍മ്മാണം വേണമെന്നും ചൂണ്ടിക്കാട്ടി. ശബരിമലയിൽ‍ വിശ്വാസം സംരക്ഷിക്കണമെന്ന് പത്തനംതിട്ട എം.പി ആന്റോ ആന്റണിയും പറഞ്ഞു. ശബരിമല വിഷയത്തിൽ‍ എൻ‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യബിൽ‍ വൈകിട്ടാണ് അവതരിപ്പിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed