ഷുഹൈബ് വധം : രണ്ട് സി.പി.എം പ്രവർത്തകർ കീഴടങ്ങി
കണ്ണൂർ : മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പൊലീസിൽ കീഴടങ്ങി. സി.പി.എം പ്രവർത്തകരായ ആകാശ്, റിജിൻ രാജ് എന്നിവരാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. ഇരുവരും തില്ലങ്കേരി സ്വദേശികളാണ്. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കീഴടങ്ങിയ ആകാശിന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് ശക്തമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കീഴടങ്ങിയത്.
ഇരിട്ടി, മുഴക്കുന്ന് മേഖലകളിൽ കണ്ണൂർ എസ്.പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ റെയ്ഡിൽ സി.പി.എം ബന്ധമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ഷുഹൈബിന്റെ ഘാതകരെ കുറിച്ചും കൊലപാതകത്തെ കുറിച്ചും ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വർഷങ്ങളായി ഒളിവിലാണ്. ഇയാൾ തിരുവനന്തപുരത്ത് പാർട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ജിതിൻ രാജിനും ആ കേസുമായി ബന്ധമുണ്ടെന്നാണ് വിവരം. പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചുവെന്ന മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാകാം ഇവരെ പ്രാദേശിക നേതൃത്വം കീഴടങ്ങാനുള്ള നീക്കം നടത്തിയത്. എന്നാൽ ആകാശിനും റിജിനും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഡമ്മി പ്രതികളെന്ന് കെ. സുധാകരൻ
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവർ യഥാർത്ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സി.പി.എം പ്രാദേശിക നേതൃത്വം തയാറാക്കിയ തിരക്കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നൽകുന്ന ഡമ്മി പ്രതികളെ കണ്ടെത്താനായാണ് പോലീസ് ആറ് ദിവസം കാത്തുനിന്നത്. വധശ്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജൻ മറുപടി പറയണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഷുഹൈബിനെ അയാൾ വധിക്കണമെങ്കിൽ അതിന് പറഞ്ഞുവിട്ടവർ ആരാണെന്ന് അറിയേണ്ടതുണ്ട്. കൊല ചെയ്തവനെക്കാൾ വലിയ തെറ്റുകാരൻ കൊലചെയ്യിച്ചവരാണ്. ഷുഹൈബിനെ ഇറച്ചിനുറുക്കും പോലെ വെട്ടിനുറുക്കുകയാണ് ഉണ്ടായത്. ടി.പി വധക്കേസിൽ കിർമാണി മനോജും കൊടി സുനിയും നടത്തിയ പോലെയുള്ള ആക്രമണമാണ് ഷുഹൈബിന് നേർക്കുണ്ടായിരിക്കുന്നത്. പരോളിൽ ഇറങ്ങിയ ഈ പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കോൺഗ്രസ് സംശയിക്കുന്നത് അതുകൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.
പൊലീസിന് മുന്നിൽ കീഴടങ്ങിയവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദും വ്യക്തമാക്കി. യഥാർത്‍ഥ പ്രതികളാണോ കസ്റ്റഡിയിലുള്ളതെന്ന് സംശയമുണ്ട്. കേരള പൊലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.

