നാട്ടുവൈദ്യത്തെ അവഹേളിക്കുന്നവർ മരുന്നുകുത്തകകളുടെ വക്താക്കൾ : കുമ്മനം

തിരുവനന്തപുരം : നാട്ടുവൈദ്യത്തിന്റെ നന്മയെ അവഹേളിക്കുന്നവർ മരുന്നുകുത്തകകളുടെ വക്താക്കളാവുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ. പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെയും എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.എ ബാഹുലേയനെയും ആദരിക്കുന്നതിനായി ബി.ജെ.പി അരുവിക്കര മണ്ധലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയിൽ, ആദിവാസി മേഖലയ്ക്ക് കിട്ടിയ അംഗീകാരത്തെ പ്രകീർത്തിക്കുന്നതിന് പകരം പുലഭ്യം പറയുകയാണ് മന്ത്രി എ.കെ ബാലൻ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന നാട്ടറിവിന്റെ നന്മയാണ് ലക്ഷ്മിക്കുട്ടി. പാരന്പര്യ വൈദ്യശാസ്ത്രത്തിന്റെ പൊരുൾ വരും തലമുറയ്ക്കായി പങ്കുവയ്ക്കുന്ന ലക്ഷ്മിക്കുട്ടിയമ്മ നാടിന്റെ അഭിമാനമാണെന്നും ഋഷിപരന്പര സംഭാവന ചെയ്ത ഈ ചികിത്സാ നൈപുണ്യത്തെയാണ് നരേന്ദ്ര മോഡി സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. ലക്ഷ്മികുട്ടിയമ്മയ്ക്ക് ലഭിച്ച മഹത്വത്തെകളങ്കപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നു ചടങ്ങിൽ മുഖ്യാതിഥിയായ സുരേഷ് ഗോപി എംപിയും പറഞ്ഞു.
ബി.ജെ.പി മണ്ധലം പ്രസിഡണ്ട് മുളയറ രതീഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.ശിവൻകുട്ടിതുടങ്ങിയവർ പ്രസംഗിച്ചു.
അതേ സമയം ജ്യോതിഷവും മന്ത്രവും ഭാരതത്തിന്റെ പൈതൃകമാണെന്നും തനിക്കു കിട്ടിയ അംഗീകാരത്തെ നാട് ഒന്നടങ്കം അനുമോഡിക്കുന്പോൾ ചിലർ അവഹേളിക്കുന്നതു സങ്കടമാണെന്നും പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. നാട്ടുവൈദ്യം മുനിവര്യൻമാർ തപസ്സിലൂടെ പകർന്ന മന്ത്രം തന്നെയാണ്. വിഷചികിത്സയ്ക്ക് മരുന്നു പോലെ പ്രധാനമാണ് മന്ത്രവും. ആദിവാസി സമൂഹത്തിന്റെ പാരന്പര്യ അറിവുകളെ രാഷ്ട്രം അംഗീകരിച്ചപ്പോൾ ഉൾക്കൊള്ളാനാവാത്തവരെ നാം തിരിച്ചറിയണമെന്നും ലക്ഷ്മിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.