ടൂറിസം സാദ്ധ്യതകൾ അതിരന്പുഴക്ക് ഗുണകരമാകും : തോമസ് ഐസക്ക്

കൊല്ലം : ജലഗതാഗതത്തിന് വീണ്ടും പ്രാമുഖ്യം ലഭിക്കുന്പോൾ അതിരന്പുഴയ്ക്ക് ടൂറിസം മേഖലയിൽ വൻ സാധ്യതയാണുണ്ടാകുകയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അതിരന്പുഴ ചന്തയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരന്പുഴ പരന്പരാഗത വാണിജ്യ കേന്ദ്രമായതിനാൽ ഒട്ടേറെ പഴയ കെട്ടിടങ്ങൾ കാണും. അവയുടെ പഴമ നിലനിർത്തി സംരക്ഷിച്ച് അതിരന്പുഴയെ ഒരു ഹെറിറ്റേജ് ടൗൺ ആക്കി മാറ്റാം. കൺസർവ്വേഷൻ ആർക്കിറ്റെക്ട്സിനെക്കൊണ്ട് പഴമ പുനരുജ്ജീവിപ്പിക്കാം. അവിടെ ചന്തയും സാംസ്കാരിക നിലയവും ഒക്കെ വേണം. അതിരന്പുഴയെ ആകെത്തന്നെ ഒരു മാൾ ആക്കി രൂപാന്തരപ്പെടുത്താം. അങ്ങനെ ഒരു പരന്പരാഗത വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് പിന്തുണയുണ്ടാകും. കളവില്ലാത്ത കച്ചവട കേന്ദ്രം എന്ന പേര്് അതിരന്പുഴ ചന്തയ്ക്കുണ്ട്. അത് ഗുണം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.
പെണ്ണാർതോടിനും ചന്തയ്ക്കും വികസനക്കുതിപ്പിന്‍റെ പ്രതീക്ഷകൾ സജീവമായി നിൽക്കുന്പോൾ നടന്ന ജൂബിലി ആഘോഷ സമ്മേളനത്തിൽ അതിരന്പുഴ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡണ്ട് ജോയ്സ് ആൻഡ്രൂസ് മൂലേക്കരി അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക സ്തൂപത്തിന്‍റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിനിർവ്വഹിച്ചു.
ശതോത്തര സുവർണജൂബിലി സ്മരണിക ജോസ് കെ. മാണി എം.പി പ്രകാശനം ചെയ്തു. അതിരന്പുഴ മർച്ചന്‍റ്സ് അസോസിയേഷന്‍റെ മുൻ പ്രസിഡണ്ടുമാരെ കെ. സുരേഷ് കുറുപ്പ് എം. എൽ.എയും മുതിർന്ന വ്യാപാരികളെയും പഴയകാല തൊഴിലാളികളെയും മോൻസ് ജോസഫ് എം.എൽ.എയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. മൈക്കിൾ അതിരന്പുഴ മാർക്കറ്റിനെക്കുറിച്ചും കച്ചവട സംഘത്തെക്കുറിച്ചുമുള്ള വിവരണം നൽകി.
അതിരന്പുഴ ഫൊറോനാ പള്ളി വികാരി ഫാ.സിറിയക് കോട്ടയിൽ, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് എം.കെ തോമസുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബീന ബിനു, പഞ്ചായത്ത് പ്രസിഡണ്ട് എത്സമ്മ മാത്യു, അതിരന്പുഴ സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി ദേവസ്യ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എൻ രവി തുടങ്ങിയവർ പ്രസംഗിച്ചു.