അഭയ കേസ് : മുൻ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേർത്തു
തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ നിർണായക ഉത്തരവ്. കേസില തൊണ്ടിമുതൽ നശിപ്പിച്ചതിന് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പിയെ പ്രതിചേർത്തു. കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തുടർ അന്വേഷണം വേണമെന്ന കെ.ടി മൈക്കിളിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ഉത്തരവിറക്കിയത്. ആരോപണ വിധേയരായ മറ്റുള്ളവരെ കോടതി വെറുതെവിട്ടു.
സിസ്റ്റർ അഭയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥനാണ് കോട്ടയം ക്രൈം ബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിൾ. ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന അഭയയുടെ ശിരോവസ്ത്രവും ഡയറിയും അടക്കമുള്ള തൊണ്ടി മുതലുകൾ സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതിന് മുന്പ് നശിപ്പിക്കപ്പെട്ടിരുന്നു.
ഇതിൽ കെ.ടി മൈക്കിളിനും മുൻ ആർ.ഡി.ഒക്കും കോടതി ജീവനക്കാർക്കും പങ്കുണ്ടെന്നായിരുന്നു ഹർജിക്കാരായ ജോമോൻ പുത്തൻ പുരയ്ക്കലിൻറെ ആരോപണം. നിയമത്തിൻ്റെ അജ്ഞതമൂലമാണ് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ നശിപ്പിച്ചതെന്ന സി.ബി.ഐയുടെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സി.ബി.ഐ വാദം തള്ളിയാണ് മൈക്കിളിനെ കോടതി നാലാം പ്രതിയാക്കിയത്.

