ജീവിതച്ചിലവ് വർദ്ധിച്ചു; പ്രവാസികൾ കുടുംബത്തെ നാട്ടിലേക്കയക്കുന്നു
മനാമ: ജീവിതച്ചിലവ് ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾ പലരും കുടുംബത്തെ നാട്ടിലേയ്ക്കയക്കാൻ നിർബന്ധിതരാകുന്നു. മുന്പ് ഉണ്ടായിരുന്ന മാംസ സബ്സിഡി നിർത്തലാക്കിയത് മുതൽക്കാണ് ബഹ്‌റൈനിലെ പ്രവാസികളുടെ ജീവിതച്ചിലവ് വർദ്ധിക്കാൻ തുടങ്ങിയത്. ഇതേതുടർന്ന് വൈദ്യുതി, വെള്ളം എന്നിവയുടെ ഫീസ് വർദ്ധിച്ചതോടെയാണ് ഇടത്തരക്കാരായ പ്രവാസികൾക്ക് താമസച്ചിലവ് താങ്ങാനാവാതെ പോകുന്നത്.
മുന്പ് ഗൾഫ് രാജ്യങ്ങളിൽ തന്നെ പൊതുവെ ജീവിതച്ചിലവ് കുറഞ്ഞ രാജ്യം എന്നറിയപ്പെട്ടിരുന്ന ബഹ്‌റൈനിൽ കുറഞ്ഞ വരുമാനക്കാരായ നിരവധി പ്രവാസികൾ കുടുംബത്തെ കൂടെ നിർത്തുന്നവരായിരുന്നു. കന്പനികളിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരും, ഡ്രൈവർ ജോലി ചെയ്യുന്നവരും അടക്കമുള്ളവർ കുടുംബത്തെ ഈ രീതിയിൽ കൂടെ നിർത്തിയിരുന്നു. ബേബി സിറ്റിങ്ങ്, ട്യൂഷൻ തുടങ്ങിയ ചെറിയ ജോലി ചെയ്ത് സ്ത്രീകളും കുടുംബത്തെ സഹായിച്ചുവന്നു. എന്നാൽ ലീഗൽ ഫീസുകളിൽ മാറ്റം വന്നതും, താമസചിലവ് വർദ്ധിച്ചതുമാണ് ഇപ്പോൾ പലരെയും ഒരു പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്. സമീപ കാലത്ത് ഇന്ധന വില വർദ്ധിച്ചത് കാരണം മുന്പ് ജോലിക്ക് പോകാൻ ട്രാൻസ്പോർട്ട് സൗകര്യം നൽകിയിരുന്ന പല കന്പനികളും അത് നിർത്തിയിട്ടുണ്ട്. കന്പനി വാഹനങ്ങൾ മുന്പ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചവർക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ സെൻട്രൽ മാർക്കറ്റിൽ നിന്ന് നേരിട്ട് പച്ചക്കറികളും മത്സ്യവും വാങ്ങാൻ വരെ കന്പനിയുടെ വാഹനമുപയോഗിച്ചവർക്ക് ഇപ്പോൾ വലിയ വിലകൊടുത്ത് പച്ചക്കറികളും വീട്ട് സാധനങ്ങളും കോൾഡ് സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ടി വരുന്നതായി ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ഒരു ഗൃഹനാഥൻ പറഞ്ഞു.
പൊതുവേ ജീവിതചിലവില്‍ വർദ്ധനവ് ഉണ്ടാകുന്പോഴും ശന്പളമോ മറ്റ് അലവൻസുകളോ വർദ്ധിച്ചിട്ടില്ലെന്നതും പ്രവാസികൾക്ക് തിരിച്ചടിയാകുന്നുണ്ട്. താമസ സ്ഥലങ്ങൾ പുതിയവ ലഭ്യമാണെങ്കിലും വാടക നിരക്കിൽ വലിയ കുറവുകളൊന്നും കെട്ടിട ഉടമകൾ വരുത്തിയിട്ടില്ല. പല കെട്ടിടങ്ങളും ഇപ്പോഴും താമസക്കാരില്ലാതെ കാലിയായി കിടക്കുകയാണ്. വരും ദിവസങ്ങളിലെങ്കിലും ഈ സാഹചര്യം കണക്കിലെടുത്ത് വാടക നിരക്കിൽ നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പല പ്രവാസികളും. അതേസമയം സ്കൂൾ പ്രവേശനത്തിന് ഇപ്പോഴും നിരവധി പേർ അപേക്ഷയും നൽകി കാത്തിരിക്കുന്നുണ്ട് എന്നതും യാത്ഥാർത്ഥ്യമാണ്.

