രാഹുൽ പ്രസിഡണ്ടായത് നെഹ്റു കുടുംബത്തിൽ ജനിച്ചതുകൊണ്ട് : എം.എം മണി
കോട്ടയം : നെഹ്റു കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രമാണ് രാഹുൽഗാന്ധിക്ക് കോൺഗ്രസിന്റെ പ്രസിഡണ്ടാകാൻ കഴിഞ്ഞതെഞ്ഞ് മന്ത്രി എം.എം മണി. സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നരവർഷത്തെ മോഡി ഭരണം രാജ്യത്താകെ വർഗീയ ലഹളകൾ ഉയർത്തി. ഇന്ത്യയിൽ ഭരണം നടത്തുന്നത് ആർ.എസ്.എസ് ആണെന്നും ബി.ജെ.പിയെന്ന് പേര് മാത്രമേയുള്ളൂവെന്നും കോൺഗ്രസ് നയംതന്നെയാണ് ബിജെപിയും നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഒറ്റുകൊടുത്ത ആളാണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. ബി.ജെ.പിയും കോൺഗ്രസും ഒരേപോലെ സി.പി.ഐ എമ്മിന്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ.എം അതിന്റെ ബ്രാഞ്ച്്−ലോക്കൽ−ഏരിയ−ജില്ലാ സമ്മേളനങ്ങളിലും പാർടിയുടെ നയങ്ങൾ തീരുമാനിച്ച് നടപ്പാക്കും. തെറ്റുകൾ തിരുത്തും. എന്നാൽ ഇതൊന്നുമറിയാതെ കുത്തക മാധ്യമങ്ങളും ചാനലുകളും അവരുടെയുക്തിക്ക് അനുസരിച്ച് കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇതിൽ നിന്നും മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു. കോൺഗ്രസിനെപോലെ നോമിനേറ്റഡ് പാർടിയല്ല സി.പി.ഐ.എമ്മെന്ന് ഇവർ മനസ്സിലാക്കണമെന്നും അദ്ദേഹം സമ്മേളനത്തിലൂടെ വ്യക്തമാക്കി.
നാല് ദിവസങ്ങളിലായി എലിക്കുളത്തെ കൂരാലിയിൽ നടന്നുവന്ന സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളന ചുവപ്പ് സേനാ മാർച്ചോടും റാലിയോടുംകൂടി ഇന്നലെ വൈകിട്ട് സമാപിച്ചു.

