എസ്.എം.എ രോഗികൾക്കുള്ള സൗജന്യ മരുന്ന് ഇനി എല്ലാ മെഡിക്കൽ കോളേജുകളിലും ലഭ്യമാക്കും
ശാരിക
തിരുവനന്തപുരം: എസ്.എം.എ (Spinal Muscular Atrophy) ബാധിതർക്കുള്ള 'റിസ്ഡിപ്ലാം' സൗജന്യ മരുന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജ് ആശുപത്രികൾ വഴി ലഭ്യമാക്കും. ഇതിനായുള്ള നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി.
നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലെ എസ്.എം.എ ക്ലിനിക്കുകൾ വഴി മാത്രമാണ് ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്തുവരുന്നത്. ഇതര ജില്ലകളിൽ നിന്നുള്ള രോഗികളും രക്ഷിതാക്കളും മരുന്നിനായി ദൂരയാത്ര ചെയ്യേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസവും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം.
നിലവിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ മരുന്ന് നൽകുന്നത്. എന്നാൽ പ്രായപരിധി ഒഴിവാക്കി എല്ലാ പ്രായത്തിലുമുള്ള അർഹരായ രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും ഇത് ഉടൻ തന്നെ നടപ്പിലാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
dsfsf

