കു­റു­വ ടൂ­റി­സത്തി­നെ­തി­രെ­ ഹൈ­ക്കോ­ടതി­യിൽ ഹർ­ജി­


മാനന്തവാടി : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ കുറുവാ വനത്തിൽ ഇക്കോ ടൂറിസത്തിന്റെ പേരിൽ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതി നിർത്തലാക്കാൻ ഉത്തരവുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഹർജി. പയ്യന്പള്ളി സ്വദേശികളും കർഷകരുമായ കെ.എം ശശിധരൻ, കുടിലിങ്കൽ ബേബി സ്‌ക്കറിയ എന്നിവരാണ് തങ്ങളുടെ കൃഷിയിടങ്ങൾക്കും ജീവനും സംരക്ഷണമുറപ്പിക്കുന്നതിനായി കുറുവയിലെ ടൂറിസം നിർത്താനുത്തരവുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ മാസം നാലിന് അഡ്വ.ഹരീഷ് വാസുദേവ് മുഖേന റിട്ട്‌പെറ്റീഷൻ സമർപ്പിച്ചത്.

പാൽ‍വെളിച്ചം വഴി ഡി.ടി.പി.സി പ്രവേശനം നൽകുന്ന വിനോദസഞ്ചാര നടപടിക്കെതിരെയാണ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കുറുവയിൽ നടത്തിവരുന്ന അനിയന്ത്രിതമായ വിനോദസഞ്ചാരം 950 ഏക്കറോളം വരുന്ന ജൈവ വൈവിദ്ധ്യമാർന്ന വനമേഖലയുടെ നാശത്തിനിടയാക്കുന്നെന്നും കാര്യമായ പഠനങ്ങളൊന്നും നടത്താതെയാണ് അനിയന്ത്രിതമായി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

വനംവകുപ്പ് സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്പോൾ പാലിക്കേണ്ട നിയമങ്ങൾക്ക് വിരുദ്ധമായാണ് ഇവിടെ നടന്ന പ്രവൃത്തികൾ‍. സഞ്ചാരികളുടെ സുരക്ഷക്കായി ബാരിക്കേഡുകൾ നിർമ്മിച്ചതോടെ മുത്തങ്ങ, ബന്ദിപ്പൂർ, ബ്രഹ്മഗിരി, നാഗർഹോള, കൊട്ടിയൂർ വനമേഖലയിലൂടെയുള്ള കാട്ടാനകളുടെ പരന്പരാഗത ആനത്താരക്ക് തടസ്സമാവുകയും ഇത് കാരണം പ്രദേശത്തെ കൃഷിക്കും മനുഷ്യജീവനും കാട്ടാനകൾ ഭീഷണിയായി മാറിയതായും ഹർജിക്കാർ ആരോപിക്കുന്നു. 

24 മനുഷ്യ ജീവൻ കാട്ടാന ആക്രമണത്തിലൂടെ പൊലിഞ്ഞതായും 40ലക്ഷത്തോളം രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകേണ്ടിവന്നുവെന്നും ഹർ‍ജിയിൽ പറയുന്നുണ്ട്. 

വനമേഖലക്ക് താങ്ങാൻ കഴിയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി അത് പ്രയോഗവൽക്കരിക്കണം. അതുവരെയും ടൂറിസം നിർത്തിവെക്കണമെന്നാണ് ആവശ്യം. ഏറെ വിവാദങ്ങൾക്കൊടുവിൽ ഈ മാസം 16നാണ് കുറുവ കർശനനിയന്ത്രണങ്ങളോടെ തുറന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed