പെരുവയലിൽ ടിപ്പർലോറി ഇടിച്ച് മൂന്ന് പേർ മരിച്ചു
മാവൂർ: പെരുവയലിൽ ടിപ്പർ ലോറി സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ചു മറിഞ്ഞ് മൂന്ന് പേർ മരിച്ചു. സൈക്കിൾ യാത്രക്കാരനായ പെരുവയൽ എളവന ശിവദാസൻ (59), ബൈക്ക് യാത്രക്കാരൻ പാലാഴി കളത്തിൽതാഴം രവീന്ദ്രന്റെ മകൻ ദിപിൻ (27), സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന താത്തൂർപൊയിൽ പൂമംഗലത്ത് സുഗതന്റെ ഭാര്യ ചന്ദ്രിക (60) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പെരുവയൽ അങ്ങാടിക്ക് സമീപം മാവൂർ -കോഴിക്കോട് പ്രധാന റോഡിലാണ് അപകടം. മാവൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടിപ്പർലോറി സ്കൂട്ടർ യാത്രക്കാരെ ഇടിച്ചുവീഴ്ത്തി. നിയന്ത്രണം വിട്ട ടിപ്പർ എതിരെ വരികയായിരുന്ന സൈക്കിൾയാത്രക്കാരനെയും ബൈക്ക് യാത്രക്കാരനെയും ഇടിച്ചിടുകയായിരുന്നു. ലോറി ഉയർത്തിയ ശേഷമാണ് അടിയിൽപ്പെട്ട ദിപിനെ പുറത്തെടുത്തത്. ആധാരമെഴുത്തുകാരനായ ദിപിൻ മാവൂർ സബ്റജിസ്ട്രാർ ഓഫിസിലേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. അമ്മ: ഉഷ, ഭാര്യ: അമൃത, മകൾ: ശിവദ, സഹോദരങ്ങൾ വിപിൻ, ജിതിൻ. ശിവദാസൻ പെരുവയലിൽ ചുമട്ടു തൊഴിലാളിയാണ്. ഉച്ചഭക്ഷണത്തിന് സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ ജലജാറാണി. മക്കൾ. പരേതനായ അനൂപ്, അഖിൽ. ഭർത്താവു സുഗതനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ചന്ദ്രിക അപകടത്തിൽപ്പെട്ടത്. സുഗതനെ പരുക്കുകളോടെ മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

