ഓഖി; തിരച്ചിൽ ഗോവൻ തീരംവരെ വ്യാപിപ്പിക്കാൻ നീക്കം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാറിന്റെ നീക്കം. മുനമ്പം മുതൽ ഗോവ വരെയുള്ള ഭാഗങ്ങളിലേക്കാണു തിരച്ചിൽ വ്യാപിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തിരച്ചിലിനായി ബോട്ടുടമകളുടെ സഹായം ആവശ്യപ്പെട്ടു. ബോട്ടുടമകളും മൽസ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഇരുന്നൂറോളം ബോട്ടുകൾ വിട്ടുനൽകണമെന്നാണ് ആവശ്യം.
സർക്കാർ ശനിയാഴ്ച പുറത്തുവിട്ട കണക്കിൽ പറയുന്നത്, ഓഖി ദുരന്തത്തിൽ മുന്നൂറോളം പേരെ കാണാതായെന്നാണ്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകൾ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, സർക്കാർ പുതുതായി പുറത്തുവിട്ട കണക്കു തെറ്റാണെന്നാണ് ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും പറയുന്നത്.

