ജോർദാൻ രാജാവ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
വത്തിക്കാൻ സിറ്റി: ജോർദാനിലെ അബ്ദുള്ള രാജാവ് അടുത്തയാഴ്ച വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അംഗീകരിച്ചതിനുശേഷം നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. ജറുസലേമിലെ മുസ്ലിം ആരാധനാലയങ്ങളുടെ സൂക്ഷിപ്പുകാരൻ കൂടിയാണ് ജോർദാൻ രാജാവ്.
ട്രംപിന്‍റെ പ്രഖ്യാപനത്തെ ആദ്യം വിമർശിച്ചവരിലൊരാൾ ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ജറുസലേമിന്‍റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ട്രംപിന്‍റെ ജറുസലം പ്രഖ്യാപനവും തുടർന്നുള്ള സ്ഥിതിവിശേഷവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായേക്കും. എന്നാൽ ഇതു സംബന്ധിച്ച സൂചനകളൊന്നും വത്തിക്കാൻ നൽകിയിട്ടില്ല.

