മുതിർന്ന സി.പി.ഐ.എം നേതാവും സി.ഐ.ടി.യു മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു


ശാരിക

കണ്ണൂർ: കമ്മ്യൂണിസ്റ്റ്-തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവും സി.പി.ഐ.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സഹദേവൻ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളി പകൽ ഒന്നരയോടെയായിരുന്നു അന്ത്യം.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം പതിനെട്ടാം വയസ്സിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലം തൊഴിലാളിവർഗ്ഗത്തിന്റെ അവകാശപോരാട്ടങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചു. പ്രഥമിക വിദ്യാഭ്യാസത്തിന് ശേഷം ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച കെ.പി. സഹദേവൻ, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് 'മിസ' നിയമപ്രകാരം 20 മാസത്തോളം ജയിൽവാസമനുഭവിച്ചു. ഇതുകൂടാതെ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളം വേറെയും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പൊലീസിന്റെ കടുത്ത മർദ്ദനങ്ങൾക്കിരയായ അദ്ദേഹം 2003 മാർച്ച് 17-ന് കണ്ണൂർ എസ്.പി ഓഫീസിലേക്ക് എൽ.ഡി.എഫ് നടത്തിയ മാർച്ചിലും പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു.

1955-56 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം 1964-ൽ സി.പി.ഐ.എം രൂപീകൃതമായതുമുതൽ 1978 വരെ കണ്ണൂർ മുൻസിപ്പൽ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്ന് 1978-ൽ ജില്ലാ കമ്മിറ്റി അംഗമായും 1986-ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും ഉയർന്ന അദ്ദേഹം 2005-ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 2022-ലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.

എളയാവൂർ കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമന്റെയും കെ.പി. താലയുടേയും മകനാണ്. കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് മാനേജറായിരുന്ന എ.കെ. കൗസല്യയാണ് ഭാര്യ. മക്കൾ: കെ.പി. സജീവൻ, രാജീവൻ, ഷമീർ. മരുമക്കൾ: ജസിന്ത, പ്രീഷ്മ, സംയുക്ത. പരേതരായ യശോദ, ശ്രീമതി എന്നിവർ സഹോദരങ്ങളാണ്.

ഇന്ന് വൈകുന്നേരം 4 മണി വരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് കക്കാട് തച്ചോളി കോർജ്ജാൻ സ്കൂളിന് പിൻവശത്തുള്ള വസതിയിലും ഭൗതികദേഹം പൊതുദർശനത്തിന് വെക്കും.

നാളെ രാവിലെ 9 മണി മുതൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും, വൈകുന്നേരം 3 മണി മുതൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. തുടർന്ന് വൈകുന്നേരം 4 മണിക്ക് പയ്യമ്പലത്താണ് സംസ്കാരം നടക്കുക.

article-image

ോേേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed