കെഎസ്ആർടിസി ചരിത്രത്തിൽ ആദ്യം: ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നൽകി പ്രവാസി വ്യവസായി
ഷീബ വിജയൻ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി കോർപ്പറേഷന് ബസ് വാങ്ങി നൽകാൻ 40 ലക്ഷം രൂപ സംഭാവന നൽകി സ്വകാര്യ വ്യക്തി. അങ്കമാലി മൂക്കന്നൂർ സ്വദേശിയും ഹീമാൻ ഓട്ടോ റോബോ പാർക്ക് ഉടമയുമായ ജോസാണ് മാതൃകാപരമായ ഈ നീക്കത്തിന് പിന്നിൽ. ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഗതാഗത മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്. മുഖ്യമന്ത്രി ഈ തുക ഗതാഗത മന്ത്രിക്ക് നൽകുകയും തുടർന്ന് ഗതാഗത മന്ത്രി ചെക്ക് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന് ഏൽപ്പിക്കുകയും ചെയ്തു.
പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താൻ കെഎസ്ആർടിസിയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥന മാനിച്ചാണ് ജോസ് തുക നൽകാൻ തീരുമാനിച്ചത്. താൻ നൽകുന്ന സംഭാവനയിലൂടെ വാങ്ങുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ സർവീസ് നടത്തണമെന്ന അഭ്യർത്ഥന അദ്ദേഹം മുന്നോട്ടുവെച്ചു. ഈ ആവശ്യം അംഗീകരിച്ചതായി ഗതാഗത മന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗതം മെച്ചപ്പെടുത്താൻ കമ്പനികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്ന് ബസുകൾ സ്പോൺസർഷിപ്പായി സ്വീകരിക്കാൻ കെഎസ്ആർടിസി പദ്ധതി ഒരുക്കിയിട്ടുണ്ട്. ജോസിന്റെ ഈ തീരുമാനം മറ്റുള്ളവർക്കും വലിയ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പറഞ്ഞു.
്്േി

