ഡിജിറ്റൽ ഭിക്ഷാടനം വൻ ഹിറ്റ്: എട്ടു മണിക്കൂറിൽ യൂട്യൂബർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന തുക
ഷീബ വിജയൻ
തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടി യൂട്യൂബറായ പുരുഷോത്തം വസിഷ്ഠ് നടത്തിയ പരീക്ഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഹരിദ്വാറിലെ കാവഡ് മേളയ്ക്കിടെയായിരുന്നു ഈ വേറിട്ട പരീക്ഷണം നടത്തിയത്. തന്റെ സുഹൃത്തായ സച്ചിനെ ഭിക്ഷാടകന്റെ വേഷം കെട്ടിച്ചാണ് യൂട്യൂബർ തെരുവിലിറക്കിയത്. കീറിയ വസ്ത്രം ധരിച്ച്, മുഖത്ത് കരിതേച്ച്, കൈയിലൊരു പാത്രവും കഴുത്തിൽ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി ക്യുആർ കോഡ് ബോർഡും തൂക്കിയാണ് സച്ചിൻ ഭിക്ഷാടനം നടത്തിയത്. ഈ സംഭവങ്ങളുടെ വീഡിയോയും ഇവർ ചിത്രീകരിച്ചിരുന്നു.
ദിവസം 1,000 മുതൽ 2,000 രൂപ വരെ ലഭിക്കുമെന്നായിരുന്നു ഇവർ പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള തുകയാണ് ലഭിച്ചത്. എട്ടു മണിക്കൂർ കൊണ്ട് 4,000 രൂപയോളമാണ് ഇവർക്ക് ഭിക്ഷയായി കിട്ടിയത്. തുടക്കത്തിലെ കുറച്ചു മണിക്കൂറുകളിൽ 130 രൂപ മാത്രമാണ് ലഭിച്ചതെങ്കിലും പിന്നീട് വരുമാനം ഉയരുകയായിരുന്നു. ഇതിനിടയിൽ തെരുവിൽ സൺഗ്ലാസ് വിൽക്കുന്നൊരാൾ സച്ചിന് ഒരു ജോടി സൺഗ്ലാസ് സൗജന്യമായി നൽകുകയും ചെയ്തു. പരീക്ഷണത്തിനിടെ യഥാർത്ഥ ഭിക്ഷാടകരുമായും സച്ചിൻ സംസാരിച്ചിരുന്നു. സ്വന്തം പേരോ കഴിഞ്ഞകാലമോ ഓർമ്മയില്ലാത്തവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എട്ടു മണിക്കൂർ കൊണ്ട് 4,000 രൂപ ലഭിക്കുകയാണെങ്കിൽ പ്രതിമാസം 1.2 ലക്ഷം രൂപ വരെ നേടാനാകുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഭിക്ഷാടനം ശാരീരികമായും മാനസികമായും വലിയ ആഘാതമുണ്ടാക്കുന്ന ഒന്നാണെന്നും യൂട്യൂബർ വ്യക്തമാക്കുന്നുണ്ട്.
dsdsdsds

