15 വർഷത്തിൽ 7 മരണങ്ങൾ; കരമന കൂടത്തിൽ കൊലപാതക പരമ്പര; കാര്യസ്ഥൻ അറസ്റ്റിൽ
ശാരിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ ദുരൂഹത സൃഷ്ടിച്ച കരമന കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിൽ നിർണായക വഴിത്തിരിവ്. ഒമ്പത് വർഷത്തിനു ശേഷം ജയമാധവൻ നായരുടെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബ്രെയിൻ മാപ്പിങ് പരിശോധനയിലൂടെയാണ് കൊലപാതകത്തിൽ ഇയാളുടെ പങ്ക് വ്യക്തമായത്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
500 കോടിയോളം വിലമതിക്കുന്ന കുടുംബത്തിന്റെ സ്വത്തുക്കൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. 15 വർഷത്തിനിടെ കോടികളുടെ സ്വത്തിന് അനന്തരാവകാശികളാകേണ്ട ഏഴ് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, നാരായണപിള്ളയുടെ മകൻ ജയമാധവൻ നായർ എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു ജയമാധവൻ നായർ.
2017-ൽ ജയമാധവൻ നായർ കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ചുവെന്നാണ് രവീന്ദ്രൻ നായർ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാൽ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക് റിപ്പോർട്ടും അന്വേഷണത്തിൽ നിർണായകമായി.
കുടുംബാംഗങ്ങളുടെ മരണശേഷം ഇവരുടെ സ്വത്തുക്കൾ രവീന്ദ്രൻ നായരുടെയും ബന്ധുക്കളുടെയും പേരിൽ വ്യാജ ഇഷ്ടദാന ആധാരം വഴി മാറ്റിയെഴുതിയതായി കണ്ടെത്തി. ആധാരത്തിലെ സാക്ഷികളുടെ മൊഴികളിലെ വൈരുധ്യവും, തൊട്ടടുത്തുള്ള ആശുപത്രി ഒഴിവാക്കി ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംശയം വർധിപ്പിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ തെളിവെടുപ്പിലും ബ്രെയിൻ മാപ്പിങ് പരിശോധനയിലുമാണ് കൊലപാതക വിവരം പുറത്തുവന്നത്.
ോിി

