പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
ശാരിക
കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളും വയനാടിന്റെ 'നെല്ലച്ഛനു'മായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാർഷിക മേഖലയ്ക്ക് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1952 ജൂൺ 6-നാണ് ചെറുവയൽ രാമൻ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് അഞ്ചാം ക്ലാസ് വരെ മാത്രമാണ് പഠിക്കാൻ സാധിച്ചത്. പത്താം വയസ്സിൽ കൃഷിയിലേക്ക് ഇറങ്ങിയ അദ്ദേഹം 1969-ൽ ലഭിച്ച സർക്കാർ ജോലി കൃഷിയോടുള്ള താല്പര്യം കാരണം ഉപേക്ഷിക്കുകയായിരുന്നു. നൂറു വർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതോളമെണ്ണം സ്വന്തമായി കൃഷി ചെയ്ത് സംരക്ഷിച്ചു പോന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം 2011-ൽ ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2016-ലെ ജനിതക സംരക്ഷണ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2026-ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരവും അദ്ദേഹത്തിനായിരുന്നു.
ൗൈാീൗീ

