നീലപ്പൂക്കളാൽ മൂടി മൂന്നാർ: കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ ഇടുക്കി ഒരുങ്ങുന്നു
ഷീബ വിജയൻ
തൊടുപുഴ: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നീലക്കുറിഞ്ഞി പൂവിടുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങളുമായി ഇടുക്കി ജില്ല ഭരണകൂടം. നീലക്കുറിഞ്ഞി സീസണ് മുന്നോടിയായുള്ള സജ്ജീകരണങ്ങൾ വിലയിരുത്താൻ 17ന് ജില്ലാ കലക്ടർ ചൊക്രമുടി സന്ദർശിക്കും. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടുമല എന്നിവിടങ്ങളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള ഈ സ്വാഭാവിക പുൽമേടുകളിൽ ഇത്തവണ കുറിഞ്ഞി വ്യാപകമായി പൂവിടുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ചൊക്രമുടിയിലേക്കുള്ള 30 മീറ്ററോളം റോഡ് കോൺക്രീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
മൂന്നാറിലും ചൊക്രമുടിയിലും കുറിഞ്ഞി പൂത്തു തുടങ്ങി നിലവിൽ ചൊക്രമുടിയിലുൾപ്പെടെ ഒറ്റതിരിഞ്ഞ് കുറിഞ്ഞി ചെടികൾ പൂത്തിട്ടിട്ടുണ്ട്. മൂന്നാർ ടൗണിലും നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങി. ടൗണിനു സമീപമുള്ള ഇക്കാനഗറിലെ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂക്കൾ പൂവിട്ടുതുടങ്ങിയത്.
കനത്ത മഴയ്ക്ക് ശമനമായതോടെയാണ് ചെടികൾ പൂ വിട്ടു തുടങ്ങിയത്. എൻജിനീയറിങ് കോളജ് റോഡ്, പൊലീസ് ക്യാമ്പിനു സമീപം എന്നിവിടങ്ങളിൽ ധാരാളം ചെടികൾ മൊട്ടിട്ടു തുടങ്ങി. ഓണക്കാലമാകുന്നതോടെ ഇവ വ്യാപകമായി പൂത്തു തുടങ്ങും. ഓണാവധിക്കാലത്ത് എത്തുന്ന സഞ്ചാരികൾക്ക് മൂന്നാർ ടൗണിൽ തന്നെ കുറിഞ്ഞി പൂക്കൾ കണ്ട് ആസ്വദിക്കാൻ കഴിയും. ചൊക്രമുടി മലനിരകളിലും ഗ്യാപ് റോഡിലുമാണ് ഇത്തവണ നീലക്കുറിഞ്ഞികൾ വ്യാപകമായി പൂത്തത്.
സ്ലോട്ട് ബുക്ക് ചെയ്യാം, ഓൺലൈനായി ചൊക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ മുതിർന്നവർക്ക് 200 രൂപയും അഞ്ച് മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 100 രൂപയും ടിക്കറ്റ് ഈടാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. സഞ്ചാരികൾക്ക് ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
സഞ്ചാരികളെ എത്തിക്കുന്നതിന് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. റവന്യു, വനം വകുപ്പുകളെ കൂടാതെ കെ.എഫ്.ഡി.സി, ഡി.ടി.പി.സി തുടങ്ങിയ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും പരിസ്ഥിതി സംഘടനകളും ചേർന്നാണ് നീലക്കുറിഞ്ഞി വസന്തത്തിനു മുന്നോടിയായുള്ള ഒരുക്കം നടത്തുന്നത്. ഇപ്പോൾ കനത്ത മഴ പെയ്യുന്നതാണ് പശ്ചിമഘട്ട മലനിരകളിൽ നീലക്കുറിഞ്ഞി പൂവിടാൻ വൈകുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
adsdfsdfsdsf

