മാസപ്പടി കേസ്: അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്ക്; വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും
ഷീബ വിജയൻ
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാരിലേക്ക് നീളുന്നതായി സൂചനകൾ. മുഖ്യമന്ത്രിയുടെ മകൾ വീണാ തൈക്കണ്ടിയിലിന് സിഎംആർഎൽ (CMRL) കമ്പനിയുമായുള്ള കരാർ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. വീണയ്ക്ക് ലഭിച്ച മാസപ്പടിക്ക് പകരമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന നിഗമനത്തിലാണ് ഇഡി. ഈ കരാറിൽ വലിയ അസ്വാഭാവികതയും അഴിമതിയും ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
കരാർ ലഭിച്ചതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്നാണ് വീണ വ്യക്തമാക്കുന്നതെങ്കിലും, ചോദ്യം ചെയ്യലിൽ അവരുടെ മൊഴികളിൽ തുടരുന്ന അവ്യക്തത കാരണം ഇഡി ഇത് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച പത്ത് മണിക്കൂറോളമാണ് വീണയെ ചോദ്യം ചെയ്തത്. ഇതിന്റെ തുടർച്ചയായി മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ തന്നെ ഉണ്ടാകും. ഈ മാസം 29-നായിരുന്നു അടുത്ത ചോദ്യം ചെയ്യൽ നിശ്ചയിച്ചിരുന്നതെങ്കിലും, എസ്എഫ്ഐഒ (SFIO) നൽകിയ അനുബന്ധ രേഖകൾ ലഭിച്ചതോടെ വെള്ളിയാഴ്ച തന്നെ ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാവിലെ ഒൻപതരയോടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിൽ എത്തിയത്.
aqswqwswqdaq

