വാണിജ്യ ഗ്യാസ് സിലിണ്ടർ വില കുറയുന്നു, ഗാർഹിക സിലിണ്ടറുകളുടെ വിലയിലും മാറ്റം; ആശ്വാസ വാർത്ത ഉടൻ
ഷീബ വിജയൻ
രാജ്യത്തെ ഹോട്ടൽ മേഖലയ്ക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറയുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയം വിവിധ പൊതുമേഖലാ എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് വില കുറയ്ക്കാൻ തീരുമാനമായത്. ഹോർമൂസ് കടലിടുക്കിലുണ്ടായിരുന്ന പ്രതിസന്ധികൾക്ക് അയവ് വന്നതും എണ്ണ ഇറക്കുമതി സാധാരണ നിലയിലായതുമാണ് ഈ വിലക്കുറവിന് വഴിയൊരുക്കിയത്. വാണിജ്യ സിലിണ്ടറുകൾക്കൊപ്പം ഗാർഹിക സിലിണ്ടറുകളുടെ വിലയിലും മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. പുതുക്കിയ വിലവിവരങ്ങൾ കേന്ദ്ര സർക്കാർ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധി കാരണമായിരുന്നു വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് കേന്ദ്ര സർക്കാർ മുൻപ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കിയതായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു കഴിഞ്ഞു. യുദ്ധത്തിന് മുൻപുള്ള സാധാരണ സാഹചര്യം പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പിഎൻജി (PNG) കണക്ഷൻ എടുത്തവർ അത് തന്നെ തുടർന്നുപോകണമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ddsdsasddsffds

