കേരള തീരത്ത് വീണ്ടും കള്ളക്കടൽ ഭീഷണി: ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
ഷീബ വിജയൻ
സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1.1 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകളാണ് ഈ മേഖലകളിൽ പ്രതീക്ഷിക്കുന്നത്.
കൂടാതെ കന്യാകുമാരി തീരത്തും കള്ളക്കടൽ പ്രതിഭാസം മൂലം 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ വള്ളങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും, ബോട്ടുളും വള്ളങ്ങളും തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും തീരശോഷണ സാധ്യത മുന്നിൽക്കണ്ട് പ്രതേക ജാഗ്രത പുലർത്താനും നിർദേശമുണ്ട്.
cvxcvxcxcx

